കൊച്ചി: മാനേജരുമായി ചേർന്ന് ബാങ്കിലെ 26പവൻ പണയഉരുപ്പടികള്‍ മോഷ്ടിച്ച കേസില്‍ മുൻ ജീവനക്കാരിയെ കളമശേരി പൊലീസ് അറസ്റ്റുചെയ്തു.
കളമശേരി സി.എസ്.ബി ബാങ്കില്‍ കസ്റ്റമർ റിലേഷൻസ് ഓഫീസറായിരുന്ന തൃശൂർ കുന്നംകുളം കാണിപ്പയ്യൂർ ശാസ്ത്രിജി നഗർ പയ്യാറവീട്ടില്‍ ദേവിനലാലാണ് (30) പിടിയിലായത്. സംഭവം നടക്കുമ്പോള്‍ ബാങ്ക് മാനേജരായിരുന്ന അതുല്‍ രാമസ്വാമി നേരത്തേ അറസ്റ്റിലായി ജാമ്യത്തിലാണ്.
2025 ഏപ്രില്‍ രണ്ടിനാണ് പണയഉരുപ്പടികള്‍ കാണാതായ വിവരം മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. മൊത്തം 210 ഗ്രാം സ്വർണാഭരണങ്ങളാണ് അടിച്ചുമാറ്റിയത്. അതുല്‍ രാമിസ്വാമിയും ദേവനലാലും ചേർന്നാണ് പണയഉരുപ്പടികള്‍ കൈകാര്യം ചെയ്തിരുന്നത്. അടിച്ചുമാറ്റിയ ആഭരണങ്ങള്‍ ദേവിനലാലിന്റെ പേരില്‍ വിവിധ പണമിടപാട് സ്ഥാപനങ്ങളില്‍ പണയപ്പെടുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. കേസെടുത്തതോടെ ഒളിവില്‍പ്പോയ ദേവിനലാല്‍ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.
കഴിഞ്ഞദിവസം കളമശേരി റെവർസൈഡിലെ വാടകവീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. തട്ടിപ്പ് പുറത്തായതോടെ ഇരുവരെയും ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു.

