ബെര്‍ലിന്‍: ഡി.എഫ്.ബി-പൊകല്‍ (ജര്‍മന്‍ കപ്പ്) കിരീടം അഞ്ച് വര്‍ഷത്തിനുശേഷം തിരിച്ചുപിടിച്ച് ബയേണ്‍ മ്യൂണിക്.
ഒളിമ്പ്യാസ്റ്റേഡിയനില്‍ നടന്ന ഫൈനലില്‍ ഹാരി കെയ്ന്റെ തകര്‍പ്പന്‍ ഹാട്രിക്കിന്റെ കരുത്തില്‍ ബയേണ്‍ 3-0ത്തിന് നിലവിലെ ചാമ്പ്യന്മാരായ വി.എഫ്.ബി സ്റ്റട്ട്ഗാര്‍ട്ടിനെ പരാജയപ്പെടുത്തി. കോച്ച് വിന്‍സെന്റ് കൊമ്പനിക്ക് കീഴില്‍ ബയേണിന് സീസണിലെ രണ്ടാം ആഭ്യന്തര കിരീടമാണിത്. ജര്‍മന്‍ ബുണ്ടസ് ലിഗയിലും ഇവരായിരുന്നു ജേതാക്കള്‍.
തുടക്കത്തില്‍ സ്റ്റട്ട്ഗാര്‍ട്ട് മികച്ച രീതിയില്‍ കളിച്ചെങ്കിലും, പരിക്കേറ്റ മാനുവല്‍ ന്യൂയറിന് പകരം ഇറങ്ങിയ ഗോള്‍കീപ്പര്‍ ജോനാസ് അര്‍ബിഗിന്റെ മികച്ച സേവുകള്‍ സ്‌കോര്‍ സമനിലയില്‍ നിര്‍ത്തി. 54ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ജോഷ്വ കിമ്മിച്ചിന്റെ ഫ്രീ കിക്കില്‍നിന്ന് മൈക്കല്‍ ഒലീസെ നല്‍കിയ ക്രോസ് ഡൈവിങ് ഹെഡറിലൂടെ കെയ്ന്‍ വലയിലെത്തിച്ചു. 79ല്‍ ലൂയിസ് ഡയസില്‍നിന്ന് ലഭിച്ച പന്ത് പ്രതിരോധ നിരക്കാരെ വെട്ടിച്ച് കെയ്ന്‍ രണ്ടാം ഗോളാക്കി മാറ്റി. ഇന്‍ജുറി ടൈമില്‍ സ്റ്റട്ട്ഗാര്‍ട്ട് താരം ആഞ്ചലോ സ്റ്റില്ലറുടെ ഹാന്‍ഡ്ബാളിന് ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് കെയ്ന്‍ (90+2) ഹാട്രിക്കും ബയേണിന്റെ വിജയവും (30) ഉറപ്പിച്ചു. ഇവരുടെ 21ാമത് ജര്‍മന്‍ കപ്പ് കിരീടമാണിത്. സീസണില്‍ ബയേണിനായി കെയ്ന്‍ ആകെ 61 ഗോള്‍ നേടി.

