പതിനൊന്നു വനിതകളാണ് ഇക്കുറി നിയമസഭയില്‍ എത്തിയത്. വമ്പന്‍മാരെ അട്ടിമറിച്ചാണ് തിളങ്ങുന്ന വിജയം സ്വന്തമാക്കിയത്.
യുഡിഎഫില്‍ നിന്ന് ഒന്‍പത് വനിത സ്ഥാനാര്‍ത്ഥികള്‍ ജയിച്ചപ്പോള്‍ എല്‍ഡിഎഫിലെ രണ്ടു പേരാണ് ജയിച്ചത്.
ചരിത്രം കുറിച്ച വിജയമാണ് പേരാമ്പ്രയിലെ ഫാത്തിമ തഹ്ലിയയുടേത്. ഇടതുമുന്നണി കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ടി പി രാമകൃഷ്ണനെയാണ് ഫാത്തിമ പരാജയപ്പെടുത്തിയത്. ഫാത്തിമയുടെ വിജയം ചരിത്രമാകുന്നത് മുസ്ലിം ലീഗിന്റെ ആദ്യ നിയമസഭാംഗം എന്ന നിലയിലാണ്. 5,087 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഫാത്തിമ തഹ്ലിയ വിജയിച്ചത്. കോഴിക്കോട് കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് ജയിച്ച് കൗണ്‍സിലറായ ഫാത്തിമയെ ടി പി രാമകൃഷ്ണനെതിരെ മത്സരിക്കുവാന്‍ മുസ്ലിം ലീഗ് രംഗത്തിറക്കി. ലീഗിന്റെ തീരുമാനം തെറ്റിയില്ലെന്ന് തിരഞ്ഞെടുപ്പുഫലം തെളിയിച്ചു.
എലത്തൂരില്‍ മന്ത്രി എ കെ ശശീന്ദ്രനെ തോല്‍പ്പിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിദ്യ ബാലകൃഷ്ണനാണ്. 12,163 വോട്ടുകളുടെ വന്‍ വിജയമാണ് വിദ്യ നേടിയത്.
മാനന്തവാടിയില്‍ മന്ത്രി ഒ ആര്‍ കേളുവിനെ തോല്‍പ്പിച്ചത് കോണ്‍ഗ്രസിന്റെ ഉഷ വിജയനാണ്. 10,543 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉഷ വിജയന്‍ ജയിച്ചത്.
തൃക്കാക്കരയില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എ ഉമ തോമസ് വീണ്ടും നിയമസഭയിലെത്തി. സിപിഎമ്മിന്റെ പുഷ്പ ദാസിനെയും എന്‍ഡിഎയുടെ അഖില്‍ മാരാരെയുമാണ് ഉമ തോമസ് പരാജയപ്പെടുത്തിയത്.
കൊല്ലം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ അട്ടിമറി വിജയം നേടി. മുതിര്‍ന്ന സിപിഎം നേതാവ് എസ് ജയമോഹനെയാണ് ബിന്ദു കൃഷ്ണ പരാജയപ്പെടുത്തിയത്. 16,830 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിന്ദു കൃഷ്ണയുടെ ജയം.
വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമയെ 14,862 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വീണ്ടും തിരഞ്ഞെടുത്തു. രണ്ടാം വട്ടമാണ് രക്തസാക്ഷി ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നിയമസഭയില്‍ എത്തുന്നത്. കഴിഞ്ഞ തവണ 74491 വോട്ടിന്റെ ഭൂരപക്ഷത്തിലായിരുന്നു രമ ജയിച്ചത്.
കോങ്ങാട് ജയിച്ചത് കെ എ തുളസിയാണ്. 3706 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. സിറ്റിംഗ് എംഎല്‍എ കെ ശാന്തകുമാരിയെയാണ് കെ എ തുളസി പരാജയപ്പെടുത്തിയത്. പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ ഭാര്യയാണ് കെ എ തുളസി.
അരൂരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചു. സിപിഎമ്മിലെ സിറ്റിംഗ് എംഎല്‍എ, ഗായിക കൂടിയായ ദലീമയെയാണ് ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെടുത്തിയത്. 9324 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.
ചിറയിന്‍കീഴിലെത്തി വിജയം സ്വന്തമാക്കിയിരിക്കുകയാണ് കോഴിക്കോട്ടുകാരിയായ രമ്യ ഹരിദാസ്. ചേലക്കരയില്‍ നിന്ന് പാര്‍ലമെന്റില്‍ എത്തിയിട്ടുള്ള രമ്യ ഹരിദാസ്, ചിറയിന്‍കീഴില്‍ സിപിഐയിലെ മനോജ് എടമനയെയാണ് 1422 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയത്.
ആറ്റിങ്ങളില്‍ സിറ്റിംഗ് എംഎല്‍എ സിപിഎമ്മിലെ ഒ എസ് അംബിക വിജയിച്ചു. ആര്‍എസ്പിയിലെ സന്തോഷ് ഭദ്രനെയും ബിജെപിയിലെ പി സുധീറിനെയുമാണ് അംബിക പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം 13375 വോട്ട്. നാട്ടികയില്‍ സിപിഐയുടെ ഗീതാ ഗോപി വിജയിച്ചു. 7093 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ സുനില്‍ ലാലൂരിനെയാണ് ഗീതാ ഗോപി പരാജയപ്പെടുത്തിയത്.

