Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡല്‍ഹിയിലെ എസ്.സി.ഒ. ഉച്ചകോടി: പാക് മന്ത്രിയുടെ സന്ദര്‍ശനം വിവാദത്തില്‍

ഡല്‍ഹിയിലെ എസ്.സി.ഒ. ഉച്ചകോടി: പാക് മന്ത്രിയുടെ സന്ദര്‍ശനം വിവാദത്തില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ(എസ്.സി.ഒ.) സാംസ്‌കാരിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ കാലാവസ്ഥാവ്യതിയാന മന്ത്രി മുസാദിഖ് മാലിക് എത്തിയത് വിവാദത്തിന് ഇടയാക്കി.

സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ നടപടിക്കെതിരേ മുന്‍പ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിട്ടുള്ളയാളാണ് മാലിക്.

ഭീകരവാദവിരുദ്ധ നടപടികള്‍, നയതന്ത്രനടപടികള്‍ എന്നിവയില്‍ കേന്ദ്രത്തിന് സ്ഥിരതയില്ലെന്നും ഇരട്ടത്താപ്പാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് മാലിക് ഉപയോഗിച്ച ഭാഷ ഭീകരവാദികളുടേതിന് സമാനമായിരുന്നെന്ന് കോണ്‍ഗ്രസ് രാജ്യസഭാംഗം പ്രമോദ് തിവാരി വിമര്‍ശിച്ചു. ചര്‍ച്ചയും ഭീകരവാദവും ഒരേ സമയം സാധ്യമല്ലെന്ന് വാദിച്ചവര്‍, പാകിസ്താന്‍ മന്ത്രിയെ അതിഥിയായി സ്വീകരിച്ചിരിക്കയാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് ഫഖ്രുല്‍ ഹസ്സന്‍ ചന്ദ് പരിഹസിച്ചു. എന്നാല്‍, പാക് മന്ത്രിയുടെ സന്ദര്‍ശനം ആഗോളകൂട്ടായ്മയുടെ ഭാഗമായുള്ള നടപടിയാണെന്നും ഇതുമായി ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് ബന്ധമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.

സംസ്‌കാരങ്ങളും നാഗരികതകളും ദേശീയ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിച്ചു കിടക്കുന്നതാണെന്നും ദേശീയ അതിരുകള്‍ക്കപ്പുറമുള്ള പൊതുവായ പൈതൃകത്തെക്കുറിച്ച്‌ രാജ്യങ്ങള്‍ തമ്മില്‍ സംവദിക്കാനുള്ള വലിയൊരു അവസരമാണ് ഈ സമ്മേളനമെന്നും മാലിക് ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടു.

മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും, ഇത്തരം സാംസ്‌കാരിക സംവാദങ്ങളിലൂടെ ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ, പാകിസ്താന്‍, റഷ്യ, ചൈന, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ചര്‍ച്ച ചെയ്യുന്നതിനാണ് എസ്.സി.ഒ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനുംശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യത്തെ പാക് മന്ത്രിയാണ് മാലിക്. സിന്ധുനദീജലക്കരാര്‍ ഇന്ത്യ റദ്ദാക്കിയപ്പോള്‍, പാകിസ്താന്റെ വെള്ളത്തില്‍ തൊടുന്നവരുടെ കൈകള്‍ വെട്ടിമാറ്റും എന്ന് വിവാദപ്രസ്താവന നടത്തിയിരുന്നു. 2023-ല്‍ ഗോവയില്‍നടന്ന എസ്.സി.ഒ. യോഗത്തില്‍ അന്നത്തെ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി പങ്കെടുത്തതിനുശേഷം ആദ്യമായാണ് ഒരു പാക് മന്ത്രി ഇന്ത്യയിലെത്തുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi