ന്യൂഡല്‍ഹി: ഡയറക്ടര്‍ ജനറല്‍ ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വീസസിന്റെ 47-ാമത് തലവനായി എയര്‍ മാര്‍ഷല്‍ സന്ദീപ് തരേജ ചുമതലയേറ്റു.
ഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ രക്തസാക്ഷികള്‍ക്ക് പ്രണാമാര്‍പ്പിച്ച ശേഷമാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്. കര, നാവിക, വ്യോമസേനകള്‍ ഉള്‍പ്പെടുന്ന മുപ്പടകളുടെയും ആരോഗ്യ സംരക്ഷണ സേവനങ്ങളുടെ പരമോന്നത മേധാവിയാണ് ഡിജിഎഎഫ്‌എംഎസ്. 41 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച, ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വീസസിന് നേതൃത്വം നല്‍കിയ ആദ്യ വനിതയായ വൈസ് അഡ്മിറല്‍ ആരതി സരിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം ഈ പദവിയിലെത്തുന്നത്.
ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ എയര്‍ മാര്‍ഷല്‍ തരേജ, പുണെ ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. 1986 ഡിസംബറില്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്‌സിലൂടെയാണ് അദ്ദേഹം സൈനിക സേവനം ആരംഭിക്കുന്നത്. 1997-ല്‍ എംഡിയും, 2005-ല്‍ ഡല്‍ഹി എയിംസില്‍ നിന്ന് ഗ്യാസ്ട്രോഎന്ററോളജിയില്‍ ഡിഎമ്മും നേടി. എയിംസിലെ ഏറ്റവും മികച്ച ഡിഎം വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ നാഷണല്‍ ഡിഫന്‍സ് കോളേജില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം സൈനിക കോഴ്‌സുകളിലെല്ലാം ഉന്നത വിജയം നേടിയിട്ടുണ്ട്.
ലഖ്‌നൗ കമാന്‍ഡ് ഹോസ്പിറ്റല്‍ കമാന്‍ഡന്റ്, പത്താന്‍കോട്ട് മിലിട്ടറി ഹോസ്പിറ്റല്‍ കമാന്‍ഡന്റ്, പൂനെ എഎഫ്‌എംസി ഡയറക്ടര്‍, ഡയറക്ടര്‍ ജനറല്‍ മെഡിക്കല്‍ സര്‍വീസസ് (എയര്‍) തുടങ്ങി പ്രമുഖ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ലഖ്‌നൗവിലായിരിക്കെ കന്റോണ്‍മെന്റിലെ പുതിയ കമാന്‍ഡ് ഹോസ്പിറ്റലിനായുള്ള വിശദ പദ്ധതിരേഖ തയാറാക്കിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഗഗന്‍യാന്‍ ദൗത്യത്തില്‍ ബഹിരാകാശ യാത്രികരുടെ തിരഞ്ഞെടുപ്പിലും പരിശീലനത്തിലും മെഡിക്കല്‍ വിഭാഗത്തിന് നേതൃത്വം നല്‍കിയതും അദ്ദേഹമായിരുന്നു.
വിരമിച്ച വൈസ് അഡ്മിറല്‍ ആരതി സരിന്റെ സേവനങ്ങളെ കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രശംസിച്ചു. സൈനിക മെഡിക്കല്‍ മേഖലയിലെ ആധുനികവല്‍ക്കരണം, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം, അന്താരാഷ്ട്ര സഹകരണം എന്നിവ ഉറപ്പാക്കുന്നതില്‍ ആരതി സരിന്‍ വഹിച്ച പങ്ക് വലുതാണെന്ന് പ്രതിരോധ മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു.

