കണ്ണൂര്‍: വാഹനപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രശസ്ത എഴുത്തുകാരന്‍ ടി. കെ. ഡി. മുഴപ്പിലങ്ങാട് ( ടി.
കെ ദാമോദരന്‍ ) അന്തരിച്ചു. 80 വയസ്സായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. നോവല്‍, കഥ, കവിത, ബാലസാഹിത്യം, നാടകം തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ്.
കഴിഞ്ഞാഴ്ച മുഴപ്പിലങ്ങാട് വെച്ച് റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ചാണ് അപകടമുണ്ടായത്. നില ഗുരുതരമായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹം ഉച്ചയോടെ മുഴപ്പിലങ്ങാട്ടെ വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റ്യൂട്ട് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
കടല്‍ കാക്ക, പെരുന്തച്ചന്‍, ഒരു വിലക്ക് എന്നീ ചലച്ചിത്രങ്ങളിലും നിരവധി ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആകാശവാണിക്കും ദൂരദര്‍ശനും വേണ്ടി നിരവധി രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്. ടി പി ഉഷയാണ് ടി. കെ. ഡി. മുഴപ്പിലങ്ങാടിന്റെ ഭാര്യ. ശ്രീജിത് പ്രസാദ്, ശ്രീസംഗീത ജഗദീശന്‍, ശ്രീഷിത ശൈലേഷ് എന്നിവരാണ് മക്കള്‍.

