Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗണ്‍മാന്മാരുടെ മര്‍ദനം: അന്വേഷണം എഡിജിപി അജിത് കുമാറിന്റെ ഓഫീസിലേക്ക്

ഗണ്‍മാന്മാരുടെ മര്‍ദനം: അന്വേഷണം എഡിജിപി അജിത് കുമാറിന്റെ ഓഫീസിലേക്ക്

തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ എഡിജിപി ഓഫീസിലെ രണ്ട് എസ്.ഐമാര്‍ റിപ്പോര്‍ട്ട് തിരുത്താന്‍ കീഴ്ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി മൊഴി ലഭിച്ചു.

കേസ് പിന്‍വലിക്കാനാവശ്യമായ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയതും ഇതേ ഉദ്യോഗസ്ഥരാണെന്നാണ് വിവരം. ഈ നിര്‍ണ്ണായക മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചു. രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിക്കാന്‍ ഉന്നത തലത്തില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ എഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

അതേസമയം ആരോപണവുമായി പിവി അന്‍വര്‍ രംഗത്ത് വന്നു. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട പിവി അന്‍വര്‍, കേസ് ഡയറി തിരുത്തിയതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും ആരോപിച്ചു. അതിനിടെ എഡിജിപി ഓഫീസിലെ എസ്‌ഐമാര്‍ റിപ്പോര്‍ട്ട് തിരുത്താന്‍ കീഴ്ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന മൊഴിയും പുറത്തുവന്നിട്ടുണ്ട്.

സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ പി ശശിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായ നീക്കം നടന്നുവെന്നും അന്‍വര്‍ ആരോപിക്കുന്നു. പി. ശശിയും എഡിജിപി എം.ആര്‍. അജിത് കുമാറും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഈ അട്ടിമറികള്‍ നടന്നതെന്ന് അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. കേസ് ഡയറിയില്‍ തിരുത്തല്‍ വരുത്താന്‍ എഡിജിപി അജിത് കുമാര്‍ തനിച്ച്‌ തീരുമാനമെടുക്കില്ലെന്നാണ് അന്‍വര്‍ ചൂണ്ടിക്കാട്ടുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi