ശിവഗിരി: കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന്റെയും പുരോഗമന ചിന്തയുടെയും മതേതര ബോധത്തിന്റെയും അടിത്തറ ശ്രീനാരായണ ഗുരുദേവ ദര്‍ശനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണഗുരുദേവ പരിനിര്‍വാണ മഹാസമ്മേളനവും മഹാപരിനിര്‍വാണ ശതാബ്ദിയാചരണ സമാരംഭവും ശിവഗിരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിയുടെയും മതത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും ഇരുട്ടില്‍ കഴിഞ്ഞിരുന്ന കേരളത്തിന് വെളിച്ചമായി കടന്നുവന്ന നവോത്ഥാന നായകനാണ് ഗുരുദേവന്‍. പിന്നിലേക്ക് നടന്നിരുന്ന ഒരു ജനതയെ മുന്നോട്ടു നയിച്ച ഗുരുദേവന്റെ ദര്‍ശനങ്ങള്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞതാണെന്നും അത് ആര്‍ക്കും മായ്ച്ചുകളയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൗമ്യതയ്ക്കുള്ളില്‍ സാമൂഹിക മാറ്റത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ കഴിഞ്ഞതാണ് ഗുരുദേവന്റെ സവിശേഷത. അവശത അനുഭവിക്കുന്നവരെയും സമൂഹത്തിന്റെ പിന്നാക്കാവസ്ഥയിലായിരുന്നവരെയും ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ ഗുരുദേവന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്.
'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ഗുരുദര്‍ശനം കേരളത്തിന്റെ മതേതര ചിന്തയെ ശക്തിപ്പെടുത്തി. ജനാധിപത്യബോധത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടെയും സഹിഷ്ണുതയുടെയും വിത്തുകള്‍ ഗുരുദേവന്‍ സമൂഹത്തില്‍ പാകിയെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ആന്തരികമായ സ്വത്വത്തെ തിരിച്ചറിയാനും പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാനും ഗുരുദേവ ദര്‍ശനം മനുഷ്യനെ പ്രേരിപ്പിക്കുന്നു. ഗുരുദേവ ദര്‍ശനം മലയാളിയുടെ അഭിമാനകരമായ പൈതൃകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുരുദേവ ദര്‍ശനം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കും സര്‍ക്കാര്‍ കാഴ്ചവയ്ക്കുക. ജാതി-മത ചിന്തകളുടെയും പിന്തിരിപ്പന്‍ ആശയങ്ങളുടെയും പിടിയില്‍നിന്ന് കേരളത്തെ മുന്നോട്ടു നയിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് വിശിഷ്ടാതിഥിയായിരുന്നു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി വിരജാനന്ദ, അഡ്വ:വി ജോയ് എംഎല്‍എ, അഡ്വ:വിദ്യാ ബാലകൃഷ്ണന്‍ എംഎല്‍എ, വര്‍ക്കല നഗരസഭ ചെയര്‍പേഴ്‌സണ്‍ ഗീത ഹേമ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

