മക്ക: 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വർഷത്തെ ഹജ്ജ് കർമങ്ങള്‍ക്ക് ഇന്ന് തുടക്കമാകും . ഇന്ന് മിനായില്‍ താമസിക്കുന്ന ഹാജിമാർ നാളെ നടക്കുന്ന ഹജ്ജിന്റെ പ്രധാന കർമമായ അറഫാ സംഗമത്തിനായി സുബ്ഹി നിസ്‌കാര ശേഷം മക്കയില്‍നിന്ന് അറഫാത്തിലേക്ക് നീങ്ങും.
ഞായറാഴ്ച വൈകീട്ട് മുതല്‍ മിന ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. ഇത്തവണ 162 രാജ്യങ്ങളില്‍നിന്നുള്ള തീർഥാടകരാണ് ഹജ്ജിനെത്തിയിട്ടുള്ളത്.സൗദിയിലടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ചയാണ് ബലിപെരുന്നാള്‍. ഇത്തവണ 15 ലക്ഷത്തിലധികം വിദേശ തീർഥാടകർ ഉള്‍പ്പെടെ ആകെ 18 ലക്ഷത്തോളം പേരാണ് ഹജ്ജ് നിർവഹിക്കാൻ സൗദിയില്‍ എത്തിയത്. എല്ലാ ആഭ്യന്തര തീർഥാടകരും തിങ്കളാഴ്ച വൈകിട്ടോടെ എത്തും. ചൊവ്വാഴ്ച പകല്‍ അറഫയില്‍ പ്രാർഥനയില്‍ കഴിയുന്ന തീർഥാടകർ അസ്തമയത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങും. രാത്രി അവിടെ അന്തിയുറങ്ങി ബുധനാഴ്ച രാവിലെ വീണ്ടും മിനായില്‍ തിരിച്ചെത്തി മൂന്ന് ദിവസത്തെ രാപ്പാർപ്പും ബലി കർമവും ജംറകളിലെ കല്ലേറും പൂർത്തിയാക്കുന്നതോടെ ഹജ്ജ് കർമങ്ങള്‍ക്ക് സമാപനമാകും.
ഇന്ത്യയില്‍ നിന്ന് ഇത്തവണ 1,22,518 തീർഥാടകരാണ് ഹജ്ജ് നിർവഹിക്കാനെത്തിയത്. ഇതില്‍ 20,000 പേർ കേരളത്തില്‍ നിന്നാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കേരളത്തിലെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളില്‍ നിന്നായി എത്തിയ 13,194 പേരും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി എത്തിയവരും ഇതില്‍ ഉള്‍പ്പെടും. ഇത്തവണ പുരുഷ തുണയില്ലാതെ (മഹ്റം ഇല്ലാതെ) 4,200 ഓളം വനിതാ തീർഥാടകർ ഹജ്ജിനെത്തിയിട്ടുണ്ട്. ഹജ്ജ് സുഗമമാക്കാനായി വിപുലമായ സൈനിക, സുരക്ഷാ, മെഡിക്കല്‍ സന്നാഹങ്ങളാണ് സൗദി ഒരുക്കിയിട്ടുള്ളത്. കടുത്ത ചൂടില്‍നിന്ന് തീർഥാടകർക്ക് സുരക്ഷ ഒരുക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

