ടെഹ്റാന്‍ : ഹോര്‍മുസ് നിയന്ത്രണത്തിന് പുതിയ പദ്ധതി ഉടനെന്ന് ഇറാന്‍. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതം നിയന്ത്രിക്കുന്നതിനായി പണം ഈടാക്കാനാണ് ഇറാന്‍ ആലോചിക്കുന്നത്.
കപ്പലുകളില്‍ നിന്ന് ആവശ്യമായ ഫീസ് ഈടാക്കാനാണ് ഇറാന്‍ പദ്ധതിയിടുന്നത്. ഇറാനിയന്‍ നിയമനിര്‍മ്മാതാവ് ഇബ്രാഹിം അസീസിയുടെ പ്രസ്താവന വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് പുറത്ത് വിട്ടത്. ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ കപ്പലുകളില്‍ നിന്നും ഫീസ് പിരിക്കുമെന്നും, അതേസമയം ഇറാനെ എതിര്‍ത്ത രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് കടലിടുക്ക് കടക്കാന്‍ അനുമതി നല്‍കില്ലെന്നുമാണ് ഇറാന്‍ പറയുന്നത്.
തങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകള്‍ മാത്രമേ കടത്തിവിടുകയുള്ളൂ എന്നും ഭരണകൂടം വ്യക്തമാക്കി. കൂടാതെ, ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനെതിരെ സൈനിക നടപടിയെ പിന്തുണച്ച രാജ്യങ്ങള്‍ക്ക് മുന്നില്‍ ഈ പാത തുറക്കില്ലെന്നും ഇബ്രാഹിം അസീസി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഹോര്‍മുസില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നതിനിടെയും കൂടുതല്‍ കപ്പലുകള്‍ നിലവില്‍ കടത്തിവിടുന്നുണ്ട്. ചൈനയ്ക്ക് പിന്നാലെ പാകിസ്ഥാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ കപ്പലുകളാണ് ഇതിനോടകം ഇറാന്‍ കടത്തിവിട്ടത്.
അതിനിടെ ഇറാന് നേരെയുള്ള ആക്രമണം പുനരാരംഭിക്കുന്നത് അമേരിക്കയും ഇസ്രയേലും ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരാനുള്ള ശ്രമങ്ങളുമായി പാക് ആഭ്യന്തര മന്ത്രി ഇറാനിലുണ്ട്. എന്നാല്‍ ചൈന സന്ദര്‍ശനത്തിന് ശേഷം തിരികെയെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് നേരെ വീണ്ടും ആക്രമണം നടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതായാണ് പുറത്തുവരുന്ന വിവരം.
സൈന്യത്തെ ഉപയോഗിച്ച് നയതന്ത്ര പ്രതിസന്ധി മറികടക്കാന്‍ ശ്രമിച്ചാല്‍ ഇറാനെതിരെ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി 2.0 നടപ്പാക്കാന്‍ ട്രംപ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം ഇറാനെതിരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി പുതിയ പേരില്‍ നടപ്പാക്കാന്‍ ഉള്ള സാധ്യത പ്രതിരോധ വകുപ്പ് പരിശോധിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

