തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിന് എത്തി മടങ്ങിയ ഇ.ഡി സംഘത്തെ ആക്രമിച്ച കേസില്‍ പ്രതിയായ ഐ.പി.ബിനു കീഴടങ്ങി.
സിപിഎം പാളയം ലോക്കല്‍ സെക്രട്ടറിയാണ്.
കേസില്‍ ഇന്ന് മൂന്നു സിപിഎം പ്രവര്‍ത്തകരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. നരുവാമൂട് സ്വദേശി കിരണ്‍, വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍, അമല്‍ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. അമലിനെ കോട്ടയം രാമപുരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. സിപിഎം ബ്രാഞ്ച് സെക്രട്ടറി നിതിന്‍രാജ്, ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ഷാഹിന്‍, നേമം ബ്ലോക്ക് സെക്രട്ടറി ശ്രീജിത്, മേഖലാ കമ്മിറ്റിയംഗം ജീവന്‍, കാരവിള യൂണിറ്റ് സെക്രട്ടറി മനോജ് എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരുള്‍പ്പെടെ കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
വധശ്രമം, നിയമവിരുദ്ധമായി സംഘംചേരല്‍, കലാപമുണ്ടാക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, മനഃപൂര്‍വം പരുക്കേല്‍പിക്കല്‍ ഉള്‍പ്പെടെ കുറ്റകൃത്യങ്ങളാണു ചുമത്തിയിട്ടുള്ളത്. പിണറായി വിജയന്റെ വീടിരിക്കുന്ന സ്ഥലം മ്യൂസിയം സ്റ്റേഷന്റെ പരിധിയിലായതിനാല്‍ അവിടെയാണു കേസ് റജിസ്റ്റര്‍ ചെയ്തത്. ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മറ്റൊരു കേസ് കൂടി എടുക്കാന്‍ പൊലീസ് തീരുമാനിച്ചു. പൊലീസിനെ ആക്രമിച്ചതിനാണ് രണ്ടാമത്തെ കേസ്. ആക്രമണത്തില്‍ പരുക്കേറ്റ പൊലീസുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
അതിനിടെ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിനെ വീട്ടിലേക്കു വിളിപ്പിച്ചു വിശദീകരണം തേടി. ഇന്നലെയുണ്ടായ സുരക്ഷാവീഴ്ച സംബന്ധിച്ചാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാകുകയും പൊലീസിനു നാണക്കേടാകുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
ഇന്നലെ സിറ്റി പൊലീസ് കമ്മിഷണര്‍ കാര്‍ത്തിക് അവധിയായിരുന്നതിനാല്‍ റേഞ്ച് ഡിഐജി ഹിമേന്ദ്ര നാഥിനായിരുന്നു ചുമതല. ഇത്രയും ഗുരുതരമായ ക്രമസമാധാന പ്രശ്നമുണ്ടായിട്ടും ഡിഐജി സ്ഥലത്തെത്തിയില്ല എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ജൂനിയറായ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരാണ് വിഷയം കൈകാര്യം ചെയ്തത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച്.വെങ്കടേഷ് വൈകിട്ടോടെ പ്രതികളെ വിട്ടു തരണമെന്ന് പാര്‍ട്ടി നേതാക്കളോട് അഭ്യര്‍ഥിക്കാന്‍ പാളയം ഏരിയ കമ്മിറ്റി ഓഫിസിനു മുന്നില്‍ എത്തുക മാത്രമാണ് ചെയ്തത്. വിഷയത്തില്‍ പൊലീസിനു ഗുരുതരമായ വീഴ്ച പറ്റിയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

