തിരുവനന്തപുരം: എഴുത്തുകാരിയും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകയും വയോജന കമീഷന്‍ അംഗവുമായ ഇ.എം. രാധ (70) അന്തരിച്ചു.
അര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും ആര്യാ അന്തര്‍ജനത്തിന്റെയും മകളാണ്. വനിതാ കമീഷന്‍ മുന്‍ അംഗമായിരുന്നു. ദീര്‍ഘകാലം സി.പി.എം അംഗമായിരുന്ന രാധ, പാര്‍ട്ടി മുഖപത്രമായ 'ദേശാഭിമാനി'യുടെ തിരുവനന്തപുരം യൂണിറ്റില്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വഴുതക്കാട് കോട്ടണ്‍ഹില്‍ ഹൈറ്റ്സിലായിരുന്നു താമസം.
രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന രാധ എഴുത്തിലൂടെയും പൊതുപ്രവര്‍ത്തനത്തിലൂടെയും ശ്രദ്ധേയയായി. ഇ.എം.എസിനെക്കുറിച്ചുള്ള ഓര്‍മകളും അനുഭവങ്ങളും പങ്കുവെക്കുന്ന 'ഇ.എം.എസ് - മകളുടെ ഓര്‍മകള്‍' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. 1988ല്‍ ദേശാഭിമാനിയില്‍ സീനിയര്‍ ക്ലര്‍ക്കായി. തുടര്‍ന്ന് സര്‍ക്കുലേഷന്‍ അസിസ്റ്റന്റ് മാനേജര്‍, കാഷ്യര്‍, പര്‍ച്ചേസ് വിഭാഗം അസിസ്റ്റന്റ് മാനേജര്‍ തുടങ്ങി വിവിധ ചുമതലകള്‍ വഹിച്ചു. 2012ല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം മാനേജരായാണ് വിരമിച്ചത്. രണ്ടര പതിറ്റാണ്ടോളം ദേശാഭിമാനിയുടെ ഭരണനിര്‍വഹണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു.
ഔദ്യോഗിക ജീവിതത്തിനൊപ്പം പൊതുരംഗത്തും സജീവമായിരുന്നു. വനിതാ കമീഷനിലെയും വയോജന കമീഷനിലെയും പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പൊതുപ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. എഴുത്തുകാരിയെന്ന നിലയിലും സാമൂഹ്യ-സാംസ്‌കാരിക വേദികളിലും സാന്നിധ്യമറിയിച്ചു. ഭര്‍ത്താവ്: സി.കെ. ഗുപ്തന്‍ (മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്). മകന്‍: സിദ്ധാര്‍ഥ് ഗുപ്തന്‍. മരുമകള്‍: സ്‌നേഹപ്രിയ. പരേതരായ ഡോ. മാലതി ദാമോദരന്‍, ഇ.എം. ശ്രീധരന്‍, എസ്. ശശി എന്നിവര്‍ സഹോദരങ്ങളാണ്.

