Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഐഎസ്‌ആര്‍ഒ സ്വകാര്യവത്കരിക്കില്ല; ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കും: ചെയര്‍മാന്‍

ഐഎസ്‌ആര്‍ഒ സ്വകാര്യവത്കരിക്കില്ല; ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കും: ചെയര്‍മാന്‍

ന്യൂഡല്‍ഹി: ഐഎസ്‌ആര്‍ഒ സ്വകാര്യവത്കരിക്കുകയാണെന്ന പ്രചാരണങ്ങള്‍ പൂര്‍ണ്ണമായും തള്ളി ചെയര്‍മാന്‍ ഡോ വി. നാരായണന്‍.

ബഹിരാകാശ മേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ ജീവനക്കാര്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ ആശങ്കകളും ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ബെംഗളൂരു സ്‌പേസ് എക്‌സ്‌പോയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹിരാകാശ നയങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഐഎസ്‌ആര്‍ഒയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍, പുതിയ റിക്രൂട്ട്മെന്റുകള്‍, ജീവനക്കാരുടെ തൊഴില്‍ സുരക്ഷ എന്നിവയെ എങ്ങനെ ബാധിക്കുമെന്നതില്‍ വ്യക്തത തേടി ഐഎസ്‌ആര്‍ഒ ജീവനക്കാരുടെ സംഘടനകള്‍ സംയുക്തമായി കത്ത് നല്‍കിയ പശ്ചാത്തലത്തിലാണ് ചെയര്‍മാന്റെ പ്രതികരണം. 'ആറു വര്‍ഷം മുന്‍പാണ് ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആ നയമനുസരിച്ച്‌ സ്വകാര്യ മേഖലയെ കൈപിടിച്ചുയര്‍ത്താനും ഇന്ത്യയുടെ ബഹിരാകാശ ഇക്കോസിസ്റ്റത്തെ കൂടുതല്‍ വിപുലമാക്കാനും നമുക്ക് ബാധ്യതയുണ്ട്,' ഡോ. നാരായണന്‍ പറഞ്ഞു.

സ്വകാര്യ വ്യവസായങ്ങള്‍ പണ്ടുമുതലേ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളില്‍ നിര്‍ണ്ണായക പങ്കാളികളാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒരു പിഎസ്‌എല്‍വിയോ ജിഎസ്‌എല്‍വിയോ വിക്ഷേപിക്കുമ്പോള്‍ അതിന്റെ എല്ലാം ചെയ്യുന്നത് ഐഎസ്‌ആര്‍ഒ മാത്രമാണെന്ന് കരുതരുത്. ബജറ്റിന്റെ ഏകദേശം 80 ശതമാനവും വിനിയോഗിക്കുന്നത് ഇന്ത്യന്‍ വ്യവസായങ്ങളിലൂടെയാണ്. രാജ്യത്തെ 450-ലധികം വന്‍കിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളാണ് റോക്കറ്റ് നിര്‍മ്മാണത്തിനായി നിലവില്‍ ഐഎസ്‌ആര്‍ഒയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പ്രതിവര്‍ഷം ശരാശരി 50 വിക്ഷേപണ വാഹനങ്ങള്‍ ഇന്ത്യക്ക് ആവശ്യമായി വരുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. ഇത്രയും വലിയ ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഐഎസ്‌ആര്‍ഒയും സ്വകാര്യ മേഖലയും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കുന്ന വിശാലമായൊരു അന്തരീക്ഷം അനിവാര്യമാണ്. ഐഎസ്‌ആര്‍ഒയെ സ്വകാര്യവത്കരിക്കുകയാണെന്ന വാദങ്ങള്‍ അദ്ദേഹം അസന്ദിഗ്ദ്ധമായി തള്ളി. സംഘടനയെ ഒരു കാരണവശാലും സ്വകാര്യവത്കരിക്കുന്നില്ലെന്നും, രാജ്യത്തിന്റെ ബഹിരാകാശ ശേഷി വര്‍ദ്ധിപ്പിക്കുക മാത്രമാണ് നയത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം അടിവരയിട്ടു.

ജീവനക്കാരുടെ സംഘടനകള്‍ രേഖാമൂലമുള്ള വിശദീകരണം ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഒന്നോ രണ്ടോ സംഘടനകള്‍ കത്ത് നല്‍കിയെന്ന് കരുതി ഔദ്യോഗികമായി രേഖാമൂലം മറുപടി നല്‍കുന്നത് ഉചിതമായിരിക്കില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ഇരുപതിനായിരത്തോളം ജീവനക്കാരാണ് സ്ഥാപനത്തിലുള്ളതെന്നും അവരുടെ ആശങ്കകള്‍ നേരിട്ട് കേട്ട് ബോധ്യപ്പെടുത്തുമെന്നും ഐഎസ്‌ആര്‍ഒ മേധാവി കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi