Sunday, 09 May, 10.13 pm കലാകൗമുദി

ദേശീയം
ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് പിന്നില്‍ വകഭേദ വൈറസ് മാത്രമല്ലെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍; പ്രതിരോധത്തിന് വാക്‌സിന്‍ മാത്രം പോരാ

ജനീവ: ഇന്ത്യയിലെ അതിതീവ്ര രണ്ടാം കോവിഡ് തരംഗത്തിന് പിന്നില്‍ വൈറസ് വ്യാപനശേഷി കൂടിയ വൈറസ് വകഭേദം കൂടാതെ മറ്റു ചില നിര്‍ണായകഘടകങ്ങള്‍ കൂടിയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥന്‍.

ഇന്ത്യയില്‍ കോവിഡ് അതിരൂക്ഷമായതിന് പിന്നില്‍ ഒന്നിലധികം കാരണങ്ങളുണ്ട്. രോഗവ്യാപനത്തിന് വൈറസിനെ മാത്രം കുറ്റപ്പെടുത്താനാവില്ല. സാമൂഹികമായ കൂടിച്ചേരലുകളും വന്‍ ആഘോഷങ്ങളും വൈറസ് വ്യാപനം ത്വരിതപ്പെടുത്തി. ആദ്യതരംഗം അവസാനിക്കുന്നതിന് മുമ്ബ് ജനങ്ങള്‍ മാസ്‌ക് ഉപേക്ഷിച്ചു; മറ്റു പ്രതിരോധമാര്‍ഗങ്ങള്‍ ഒഴിവാക്കി.

ഇന്ത്യയെ പോലെ വലിയൊരു രാജ്യത്ത് രോഗവ്യാപനനിരക്ക് മാസങ്ങളോളം താഴ്ന്നുനിന്നിട്ടുണ്ടാവാം. പ്രാദേശികമായി മാത്രം നിലനിന്നിരുന്ന വൈറസ് പതിയെപ്പതിയെ ഇരട്ടിക്കുകയും വ്യാപിക്കുകയും ചെയ്തു. വൈറസിന്റെ സാന്നിധ്യവും വ്യാപനത്തിലെ അപകടവും തിരിച്ചറിയാന്‍ വൈകിയതാണ് രോഗവ്യാപനം വര്‍ധിച്ചതിന് ഒരു കാരണമെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ആദ്യകാലലക്ഷണങ്ങള്‍ തിരിച്ചറിയാത്തതും വ്യാപനനിരക്ക് വര്‍ദ്ധിപ്പിച്ചു.

വ്യാപനനിരക്ക് വര്‍ധനവിലേക്കെത്തിയാല്‍ നിയന്ത്രണം അസാധ്യമാക്കും. അതാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതി. വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്തിയിട്ടുണ്ടെങ്കിലും അതുകൊണ്ടുമാത്രം കോവിഡ് തരംഗത്തെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്നും ഡോ. സൗമ്യ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉല്പാദക രാജ്യമായ ഇന്ത്യയില്‍ ആകെ ജനസംഖ്യയുടെ രണ്ട് ശതമാനത്തിനു മാത്രമാണ് പൂര്‍ണമായ വാക്‌സിനേഷന്‍ ലഭിച്ചിട്ടുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജനതയുടെ 70-80 ശതമാനം പേര്‍ക്ക് പൂര്‍ണമായ വാക്‌സിന്‍ നല്‍കാന്‍ ഇന്ത്യയ്ക്ക് മാസങ്ങള്‍ വേണ്ടി വരുമെന്ന് ഡോ. സൗമ്യ പറഞ്ഞു.

വാക്‌സിനില്‍ മാത്രം ഊന്നിയുള്ള പ്രതിരോധത്തിന് മുന്‍ഗണന നല്‍കാതെ പൊതു ആരോഗ്യനടപടികളും സാമൂഹികനടപടികളും ഏകോപിപ്പിച്ചുള്ള സമീപനമാണ് അടിയന്തരമായി സ്വീകരിക്കേണ്ടത്. വൈറസിന് വീണ്ടും വകഭേദങ്ങള്‍ ഉണ്ടാകാം. വ്യാപനത്തിന്റെ മൂന്നാമതൊരു തരംഗം കൂടി ഇന്ത്യ അഭിമുഖീകരിക്കേണ്ടിയും വന്നേക്കാം.

നിലവിലുള്ള വാക്‌സിനുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വകഭേദങ്ങള്‍ ഉണ്ടായാല്‍ കൂടുതല്‍ അപകടകരമായ നിലയില്‍ കാര്യങ്ങള്‍ നീങ്ങിയേക്കുമെന്നും ഡോ. സൗമ്യ പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: KalaKaumudi
Top