കുവൈത്ത്: കുവൈത്ത് വിമാനത്താവളത്തിലെ ടി 1 ടെര്‍മിനലിനു നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു.
കുവൈത്തിലെ ഇന്ത്യന്‍ എംബസി മരണം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ബന്ധപ്പെട്ടു വരികയാണെന്നും കുവൈത്ത് ഭരണകൂടവുമായി സഹകരിച്ച വേണ്ട പിന്തുണയും സഹായവും കുടുംബത്തിന് ഉറപ്പാക്കുമെന്നും എംബസി എക്‌സില്‍ അറിയിച്ചു. ഡ്രോണ്‍ ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിമാനത്താവളത്തിലെ നിരവധി സൗകര്യങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ലാന്‍ഡ് ചെയ്യാനുള്ള വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.
രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1 ലക്ഷ്യമിട്ട് നിരവധി ഡ്രോണുകള്‍ എത്തിയതായി കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണല്‍ സ്റ്റാഫ് സൗദ് അബ്ദുല്‍ അസീസ് അല്‍-അത്വാന്‍ പറഞ്ഞു. പരുക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. സായുധ സേന, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനെതിരെ കടുത്ത നയതന്ത്ര നടപടി സ്വീകരിച്ചിരിക്കുകയാണ് കുവൈത്ത്. ഇറാനിയന്‍ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
അതിനിടെ ഗള്‍ഫ് മേഖലയില്‍ ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ യുഎസ് സൈന്യം വിജയകരമായി പ്രതിരോധിച്ചതായും, ഇതിന് തിരിച്ചടിയായി ഇറാനില്‍ ആക്രമണങ്ങള്‍ നടത്തിയതായും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്. ബഹ്‌റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനവും മേഖലയിലെ മറ്റൊരു വ്യോമതാവളവും തങ്ങള്‍ ആക്രമിച്ചെന്ന ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ അവകാശവാദം യുഎസ് സൈന്യം പൂര്‍ണമായി നിഷേധിച്ചു. മേഖലയിലെ അയല്‍രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടെങ്കിലും അവയൊന്നും ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയില്ലെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
കുവൈത്തിനു നേരെ തൊടുത്ത രണ്ട് ഇറാനിയന്‍ മിസൈലുകള്‍ ലക്ഷ്യത്തിലെത്തുന്നതിനു മുന്‍പ് തകരുകയോ തെന്നിമാറുകയോ ചെയ്തു. ബഹ്‌റൈനു നേരെ വിക്ഷേപിച്ച മൂന്ന് മിസൈലുകള്‍ യുഎസിന്റെയും ബഹ്‌റൈന്റെയും വ്യോമപ്രതിരോധ സേന ഉടന്‍ തന്നെ വെടിവച്ചിട്ടു. ശത്രുതാപരമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം പ്രതിരോധിച്ചതായി കുവൈത്ത് സൈന്യവും സ്ഥിരീകരിച്ചു. ഇതിനുപുറമേ, രാജ്യാന്തര ജലാതിര്‍ത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന സിവിലിയന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വിക്ഷേപിച്ച മൂന്ന് ആക്രമണ ഡ്രോണുകളും യുഎസ് സൈന്യം വെടിവച്ചിട്ടതായി സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
ഇറാനിലെസൈനിക ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനെ ലക്ഷ്യമിട്ടായിരുന്നു യുഎസ് ആക്രമണം. യുഎസ് ആക്രമണത്തിന് മറുപടിയായാണ് യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ തങ്ങള്‍ ആക്രമണം നടത്തിയതെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ അവകാശവാദം പൂര്‍ണമായും വ്യാജമാണെന്ന് എക്സിലൂടെ വ്യക്തമാക്കിയ സെന്‍ട്രല്‍ കമാന്‍ഡ്, അമേരിക്കന്‍ സൈന്യത്തിനു നേരെയുള്ള ഇറാന്റെ എല്ലാ ആക്രമണങ്ങളും പരാജയപ്പെട്ടുവെന്ന് അറിയിച്ചു.
ഏപ്രില്‍ 8 മുതല്‍ യുഎസും ഇറാനും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും, സ്ഥിരമായ സമാധാന ചര്‍ച്ചകള്‍ ഇതുവരെ വിജയം കണ്ടിട്ടില്ല. ലബനനിലെ ഇസ്രയേലിന്റെ വര്‍ധിച്ചുവരുന്ന സൈനിക നീക്കങ്ങള്‍ യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ തകരാന്‍ കാരണമാകുമെന്ന് ഇറാന്‍ കഴിഞ്ഞ തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

