ശ്രീഹരിക്കോട്ട : ഐഎസ്‌ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ജിസാറ്റ് 1എ (ഇഒഎസ്-05) വഹിച്ചുകൊണ്ടുള്ള ജിഎസ്‌എല്‍വി- എഫ്17 വിജയകരമായി വിക്ഷേപിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡില്‍നിന്ന് പുലര്‍ച്ചെ 2.55-ഓടെയായിരുന്നു വിക്ഷേപണം. ജിഎസ്‌എല്‍വിയുടെ പത്തൊമ്പതാം ദൗത്യമാണിത്.
മഴയ്ക്കിടെയായിരുന്നു വിക്ഷേപണം. 18 മിനിറ്റ് 45 സെക്കന്‍ഡില്‍ വിക്ഷേപണ വാഹനത്തില്‍ നിന്നു വേര്‍പെട്ടു. ഇന്ത്യന്‍ ഭൂപ്രദേശത്തിന്റെ തത്സമയ ചിത്രം നല്‍കാന്‍ ശേഷിയുള്ള ജിയോ ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ്-1എ (ഇഒഎസ്-05) ആണ് 36,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചത്. വിക്ഷേപണം വിജയമെന്ന് ഐഎസ്‌ആര്‍ഒ സൂചിപ്പിച്ചു.
ഇന്ത്യയുടെ ഭൗമനിരീക്ഷണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശേഷിയുള്ളതാണ് ജി.ഐ.എസ്.എ.ടി.-1എ. (GISAT-1A) എന്നറിയപ്പെടുന്ന ഇ.ഒ.എസ്.-05 ഉപഗ്രഹം. ഭൂമിയില്‍നിന്ന് ഏകദേശം 36,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ജിയോസിന്‍ക്രണസ് ഭ്രമണപഥത്തിലാണ് ഉപഗ്രഹം പ്രവര്‍ത്തിക്കുക. ചുഴലിക്കാറ്റുകള്‍, പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യങ്ങളില്‍ കൃത്യമായ നിരീക്ഷണങ്ങളും വിവരങ്ങളും ലഭിക്കും.
ഭൂമിയുടെ കറക്കത്തിനൊപ്പം ഏകദേശം ഒരേ സ്ഥാനത്തു നിന്നു തുടര്‍ച്ചയായി ഇഒഎസ്-05 ചിത്രങ്ങളെടുക്കും. ഓരോ 30 മിനിറ്റിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചിത്രങ്ങള്‍ ലഭിക്കും. പ്രത്യേക നിരീക്ഷണം വേണ്ട സ്ഥലത്തു 5 മിനിറ്റ് ഇടവേളയില്‍ ചിത്രങ്ങളെടുക്കാന്‍ വരെ സാധിക്കും. ഇതുവഴി ദുരന്തസാഹചര്യങ്ങള്‍ തത്സമയം കൃത്യമായി നിരീക്ഷിക്കാന്‍ ഉപഗ്രഹത്തിലൂടെ ശാസ്ത്രജ്ഞര്‍ക്കും ദുരന്തനിവാരണ സേനകള്‍ക്കും സാധിക്കും. അതിര്‍ത്തി സുരക്ഷ, പരിസ്ഥിതി നിരീക്ഷണം, കാര്‍ഷിക മേഖലയിലെ ആവശ്യങ്ങള്‍ എന്നിവയ്ക്കും ഉപഗ്രഹം വിവരങ്ങള്‍ നല്‍കും.
കഴിഞ്ഞ ജൂലൈയിലെ നൈസാര്‍ ഉപഗ്രഹദൗത്യത്തിനു ശേഷമുള്ള ജിഎസ്‌എല്‍വി റോക്കറ്റ് വിക്ഷേപണമാണിത്. ജനുവരി 12നു പിഎസ്‌എല്‍വി സി-62 ദൗത്യം പരാജയപ്പെട്ടതിനുശേഷമുള്ള ആദ്യ വിക്ഷേപണം കൂടിയാണ്. 2021 ഓഗസ്റ്റില്‍ ജിഎസ്‌എല്‍വി-എഫ്10 വാഹനത്തില്‍ വിക്ഷേപിച്ച ജിസാറ്റ് -1 ഭ്രമണപഥത്തില്‍ എത്തുന്നതിനു മുന്‍പ് പരാജയപ്പെട്ടിരുന്നു. പിഎസ്‌എല്‍വി പരാജയത്തിന് പിന്നാലെ ഐഎസ്‌ആര്‍ഒയുടെ എല്ലാ ദൗത്യങ്ങളും നിര്‍ത്തിവച്ചിരുന്നു. വിക്ഷേപണ വിജയം അഞ്ച് വര്‍ഷത്തിനു ശേഷമുള്ള ഐഎസ്‌ആര്‍ഒയുടെ തിരിച്ചുവരവ് കൂടിയാണ്.

