Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'കടമെടുക്കാത്ത സര്‍ക്കാര്‍ എവിടെയെങ്കിലുമുണ്ടോ?, കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം ഇസ്ലാമിക ചരിത്രത്തിന് വിരുദ്ധം, ചേന്തി അനില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍; വന്ദേമാതരം മുഴുവന്‍ പാടിയത് കേന്ദ്ര പ്രോട്ടോക്കോള്‍ പ്രകാരം' വിശദീകരണവുമായി മുഖ്യമന്ത്രി

'കടമെടുക്കാത്ത സര്‍ക്കാര്‍ എവിടെയെങ്കിലുമുണ്ടോ?, കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം ഇസ്ലാമിക ചരിത്രത്തിന് വിരുദ്ധം, ചേന്തി അനില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍; വന്ദേമാതരം മുഴുവന്‍ പാടിയത് കേന്ദ്ര പ്രോട്ടോക്കോള്‍ പ്രകാരം' വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കടമെടുക്കലിനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി വിഡി സതീശന്‍. കടമെടുക്കാത്ത ഏതെങ്കിലും ഒരു സര്‍ക്കാര്‍ ലോകത്ത് എവിടെയെങ്കിലും ഉണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

പരിധി വിട്ടുള്ള കടം എങ്ങനെ എടുക്കാന്‍ പറ്റും?. പരിധി വിട്ടുള്ള കടം എടുത്തത് കഴിഞ്ഞ ഇടതു സര്‍ക്കാരാണെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ബജറ്റിന് പുറത്ത് കോടികള്‍ കടമെടുത്തു. അതിന്റെ ബാധ്യത 38,000 കോടി രൂപ കിഫ്ബി കൊടുത്ത കടബാധ്യത ഈ സര്‍ക്കാരിന്റെ തലയിലാണ്. കഴിഞ്ഞ സര്‍ക്കാര്‍ വരുത്തിവെച്ച കടത്തിന്റെ ബാധ്യതയും ഈ സര്‍ക്കാരിന്റെ തലയിലാണ്. ഈ സര്‍ക്കാര്‍ വേറൊരു പ്രശ്നം കൂടി നേരിടുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ആയി 55,000 കോടി രൂപ 15-ാം ധനകാര്യ കമ്മീഷന്‍ കൊടുത്തിരുന്നു. അത് തങ്ങള്‍ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

16-ാം ധനകാര്യ കമ്മീഷന്‍ അറിയിച്ചത് റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍ഡ് ഇല്ലെന്നാണ്. ആ ഗ്രാന്റ് കിട്ടുമെന്ന് കരുതിയാണ് കഴിഞ്ഞ ധനകാര്യമന്ത്രി ബജറ്റ് പോലും ഉണ്ടാക്കിയത്. ഡെവല്യൂഷന്‍ ഗണ്യമായി 5000 കോടി കുറഞ്ഞു. കഴിഞ്ഞ ധനകാര്യമന്ത്രി തയ്യാറാക്കിയ 20,000 കോടി കേന്ദ്രത്തില്‍ നിന്നും ഞങ്ങള്‍ക്ക് കുറയുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 3.5 ശതമാനമായിരുന്നു കടമെടുപ്പ് പരിധി. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 3 ശതമാനമായി കുറച്ചു. അപ്പോള്‍ പരിധി വിട്ട് കടമെടുത്തുവെന്ന് പറയുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

'ചേന്തി അനില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍; വന്ദേമാതരം മുഴുവന്‍ പാടിയത് കേന്ദ്ര പ്രോട്ടോക്കോള്‍ പ്രകാരം'

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തടഞ്ഞതിന് അറസ്റ്റിലായ ചേന്തി അനില്‍ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ചേന്തിയിലെ ഗുരുജയന്തി പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ ആ പരിപാടി ഒരു ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് നടത്തുന്നതെന്ന് അറിഞ്ഞു. അതുമായി ബന്ധപ്പെട്ട് പൊലീസ് റിപ്പോര്‍ട്ടും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണം റദ്ദാക്കിയതായി അവരെ അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെമ്പഴന്തിയിലെ പരിപാടിയിലേക്ക് പോകുന്നവഴി ചേന്തിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും നില്‍ക്കുന്നതു കണ്ട് അവിടെ ഇറങ്ങിയതാണ്. അവരാരും തന്നെ തടഞ്ഞിട്ടില്ല. ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ചേന്തി അനില്‍ വളരെ മോശമായി സംസാരിച്ചു, മോശമായി പെരുമാറി. ഇതേത്തുടര്‍ന്ന് അവിടെ ഒരു സംഘര്‍ഷം ഉണ്ടാക്കേണ്ടെന്ന് കരുതി വണ്ടിയില്‍ കയറി പോകുകയായിരുന്നു. അതില്‍ പൊലീസ് സ്വമേധയാ എടുത്ത കേസാണ്. ചേന്തി അനില്‍ ഡിസിസി അംഗമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചപ്പോള്‍, അതേക്കുറിച്ച്‌ തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചേന്തി അനിലിനെ വ്യക്തിപരമായി പരിചയമില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. ചേന്തി അനിലിന്റെ ഭാര്യ നേരത്തെ കോര്‍പ്പറേഷനില്‍ കൗണ്‍സിലറായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ അവര്‍ മരിച്ചു. അവരെ തനിക്കറിയാം. അവര്‍ മരിച്ചപ്പോള്‍ ആ വീട്ടില്‍ പോയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചേന്തി അനില്‍ മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ വന്നിരുന്നല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അദ്ദേഹത്തെ അറിയില്ലല്ലോ എന്നും വിഡി സതീശന്‍ പറഞ്ഞു. ഈ കേസ് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതേപ്പറ്റി കൂടുതലൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്ത് ഒരിടത്തും വന്ദേമാതരം മുഴുവനായി ചൊല്ലിയില്ല. അതേസമയം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ കേന്ദ്ര പ്രോട്ടോക്കോളാണ് നടപ്പാകുക. ആ പ്രോട്ടോക്കോള്‍ നിഷേധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. വൈസ് പ്രസിഡന്റ് പങ്കെടുത്ത പരിപാടിയില്‍ അതു നടന്നു. അതേസമയം വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ഖണ്ഡിക മാത്രം ചൊല്ലിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വ്യക്തമായ നിലപാട്. ആ നയമാണ് പാര്‍ട്ടി പരിപാടികളിലും മറ്റും നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയ നഷ്ടപരിഹാരമായി 10,000 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചത് ഈയാഴ്ച മുതല്‍ കൊടുത്തു തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം 14 നാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ അവസാനിച്ചത്. ക്യാമ്പുകള്‍ തീര്‍ന്നശേഷം അതിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടനാട് മാത്രം 42,000 ഓളം അപേക്ഷകളാണ് ലഭിച്ചത്. ലഭിച്ച അപേക്ഷകളെല്ലാം പരിശോധിച്ചു വരികയാണ്. ഈയാഴ്ച കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പണം വിതരണം ചെയ്യുന്നത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങുന്നതിനെതിരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവനയെയും മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ തള്ളിപ്പറഞ്ഞു.

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം തള്ളി മുഖ്യമന്ത്രി വിഡി സതീശന്‍; പ്രസ്താവന ഇസ്ലാമിക ചരിത്രത്തിന് വിരുദ്ധം

തിരുവനന്തപുരം: സ്ത്രീകള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതിനെതിരെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെ തള്ളി മുഖ്യമന്ത്രി വിഡി സതീശന്‍. കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും, ഇത്തരം യാഥാസ്ഥിതിക നിലപാടുകള്‍ പുരോഗമന കേരള സമൂഹത്തിന് ഒട്ടും ചേരുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാന്തപുരം ഇസ്ലാമിക ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നത് വിനാശത്തിന് കാരണമാകുമെന്നും അവര്‍ വീടുകളില്‍ മാത്രം ഒതുങ്ങിക്കഴിയണമെന്നുമുള്ള കാന്തപുരത്തിന്റെ വാദം ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇസ്ലാമിക ചരിത്രത്തിന് തന്നെ കടകവിരുദ്ധമായ കാര്യങ്ങളാണ് കാന്തപുരം പറഞ്ഞതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പറയേണ്ട കാര്യമാണ് 21-ാം നൂറ്റാണ്ടില്‍ പറയുന്നത്. പ്രവാചകന്റെ ആദ്യഭാര്യ ഖദീജ വലിയൊരു ബിസിനസുകാരിയായിരുന്നു. മറ്റൊരു ഭാര്യ അയിഷ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. സര്‍വസൈന്യാധിപയായിരുന്നു. ഇസ്ലാമിക ചരിത്രത്തില്‍ പറയുന്ന ബില്‍കിസ് രാജ്ഞി, രാജ്ഞിയായിരുന്നു. ഖലീഫാ ഉമറിന്റെ രാജസദസ്സില്‍ മഹര്‍ കുറയ്ക്കാന്‍ തീരുമാനമെടുത്തപ്പോള്‍ ഒരു സ്ത്രീയാണ് അതിനെ ചോദ്യം ചെയ്തതെന്ന് ചരിത്രത്തിലുണ്ട്. സ്ത്രീ പറഞ്ഞതാണ് ശരിയെന്നാണ് അദ്ദേഹം പറഞ്ഞത്. രാജസദസ്സില്‍ പോലും സ്ത്രീകളുണ്ടായിരുന്നു. അങ്ങനെയുള്ള ചരിത്ര പശ്ചാത്തലത്തെ മറച്ചുവെച്ച്‌ സ്ത്രീകള്‍ വീടുകളുടെ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി കഴിയേണ്ടവരാണെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല.

സ്ത്രീകള്‍ക്ക് തുല്യനീതിയും പങ്കാളിത്തവും ഉറപ്പാക്കുന്ന ഒരു സമൂഹത്തില്‍ അവരെ പൊതുവേദികളില്‍ നിന്നും പൊതുജീവിതത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നത് അപലപനീയമാണ്. ഒരു തരത്തിലും സ്വീകാര്യമല്ലാത്ത നിലപാടാണ് കാന്തപുരത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. സ്ത്രീകള്‍ ജീവിതത്തിന്റെ മുഖ്യധാരയില്‍ എല്ലാ കാര്യങ്ങളിലും പങ്കെടുത്ത് ജീവിക്കേണ്ടവരാണെന്ന പുരോഗമനപരമായ നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi