Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാക്കനാട് കാന നിര്‍മ്മാണ തര്‍ക്കം; മുസ്‌ലിം ലീഗ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതി

കാക്കനാട് കാന നിര്‍മ്മാണ തര്‍ക്കം; മുസ്‌ലിം ലീഗ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതി

കൊച്ചി: കാക്കനാട് ചിറ്റേത്തുകരയില്‍ കാന നിർമ്മാണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ വീട്ടമ്മയെയും മകനെയും മർദിച്ചതായി പരാതി.

മുസ്‌ലിം ലീഗ് നേതാവും തൃക്കാക്കര നഗരസഭ ചിറ്റേത്തുകര വാർഡ് കൗണ്‍സിലറുമായ കെ.എം. ഷംസു, മകൻ ഷഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ ആക്രമിച്ചെന്നാണ് പരാതി. മർദനത്തില്‍ പരിക്കേറ്റ ചിറ്റേത്തുകര തെക്കേ ഇലഞ്ഞിക്കല്‍ മുഹമ്മദ് അസ്‌ലം (21), മാതാവ് സാജിത നാസർ എന്നിവർ തൃക്കാക്കര മുനിസിപ്പല്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.

അത്തിക്കാലി റോഡില്‍ കെ.പി. കുര്യൻ റോഡില്‍ നിന്നുള്ള രണ്ടാമത്തെ പ്രവേശന ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർന്നാണ് പുതിയ ഓടയുടെ നിർമ്മാണം ആരംഭിച്ചത്. ഓട അവസാനിക്കുന്ന ഭാഗത്തുള്ള തങ്ങളുടെ പറമ്പിലേക്ക് മലിനജലം ഒഴുകിയെത്തി ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി സ്ഥലമുടമയും കുടുംബവും നിർമ്മാണത്തെ ചോദ്യം ചെയ്തിരുന്നു. വാർഡ് സഭയില്‍ ചർച്ച ചെയ്യാതെയും കൃത്യമായ ആസൂത്രണമില്ലാതെയുമാണ് പ്രവൃത്തി ആരംഭിച്ചതെന്നും കുടുംബം ആരോപിച്ചു.

തുടർന്നുണ്ടായ തർക്കത്തിനിടെ കൗണ്‍സിലറുടെ മകൻ ഉള്‍പ്പെടെയുള്ളവർ ചേർന്ന് യുവാവിനെ മർദിക്കുകയായിരുന്നു. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മാതാവ് സാജിത നാസറിന് പരിക്കേറ്റത്. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ഇവർ ഇൻഫോപാർക്ക് പൊലീസില്‍ പരാതി നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi