തിരുവനന്തപുരം: കണക്കുകള്‍ കൃത്യമായി നല്‍കാത്തതു കാരണം കെഎസ്‌ഇബിക്ക് സംസ്ഥാന സർക്കാരില്‍ നിന്നു ലഭിക്കേണ്ടിയിരുന്ന 1441 കോടി രൂപ നഷ്ടമായി.
13-ാം വാർഷിക റിപ്പോർട്ട് പ്രകാരം 2023-24 ലെ നഷ്ടം 534.01 കോടി രൂപയാണെന്ന് കെഎസ്‌ഇബി വെളിപ്പെടുത്തിയിരുന്നത്. ഈ തുകയുടെ 90% വരുന്ന 494.289 കോടി രൂപ സർക്കാർ ഏറ്റെടുത്തിരുന്നു.
2024-25 സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ അരശതമാനം അധിക വായ്പയെടുക്കാനുള്ള വ്യവസ്ഥ പാലിക്കാനായിരുന്നു കെഎസ്‌ഇബിയുടെ നഷ്ടത്തിന്റെ 90 ശതമാനം സർക്കാർ ഏറ്റെടുത്തത്.
കണക്കിലെ പിഴവ് കാരണം കെഎസ്‌ഇബിക്കു നഷ്ടമായത് 1441.061 കോടി രൂപയാണ്. അക്കൗണ്ടിങ് കൈകാര്യം ചെയ്യുന്നതില്‍ കെഎസ്‌ഇബി അതീവ ജാഗ്രത പാലിക്കണമെന്ന് റഗുലേറ്ററി കമ്മിഷൻ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
നഷ്ടം നാലിരട്ടിയോളം ഉയർന്നെങ്കിലും ഇത് താരിഫിലൂടെ ഈടാക്കാമെന്നു റഗുലേറ്ററി കമ്മിഷനോട് കെഎസ്‌ഇബി ആവശ്യപ്പെട്ടതിനാല്‍ അധികഭാരം ജനങ്ങളിലേക്കു വൈദ്യുതി നിരക്ക് ആയി എത്തില്ലെന്നാണ് കരുതുന്നത്.
കേന്ദ്ര ഊർജ മന്ത്രാലയം 2026 ജനുവരിയില്‍ വൈദ്യുതി വിതരണ കമ്പനികള്‍ക്കായി പുറത്തിറക്കിയ സംയോജിത റേറ്റിങ്ങിലും റാങ്കിങ്ങിലും ഓഡിറ്റർമാരുടെ പ്രതികൂല നിരീക്ഷണം കാരണം കെഎസ്‌ഇബിക്ക് 15 മാർക്ക് നഷ്ടമായി.
ഇതു കെഎസ്‌ഇബി യുടെ ഓഡിറ്റ് കണക്കുകളുടെ വിശ്വാസൃതയെ ചോദ്യം ചെയ്യുമെന്നും കുറഞ്ഞ പലിശ നിരക്കില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു വായ്പ ലഭിക്കുന്നതിനുള്‍പ്പെടെ തടസ്‌സമുണ്ടാകുമെന്നും റഗുലേറ്ററി കമ്മിഷൻ മുന്നറിയിപ്പു നല്‍കി.
പ്രശ്‌നങ്ങള്‍ പരിഹരിച്ച് 3 മാസത്തിനുള്ളില്‍ റിപ്പോർട്ട് നല്‍കാൻ കെഎസ്‌ഇബിക്കു നിർദേശം നല്‍കിയിട്ടുണ്ട്.

