Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാപ്പാ നിയമപ്രകാരം നടപടി: സ്ഥിരം കുറ്റവാളികളായ രണ്ടുപേര്‍ കരുതല്‍ തടങ്കലില്‍

കാപ്പാ നിയമപ്രകാരം നടപടി: സ്ഥിരം കുറ്റവാളികളായ രണ്ടുപേര്‍ കരുതല്‍ തടങ്കലില്‍

കൊല്ലം:സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി, ജില്ലയിലെ സ്ഥിരം കുറ്റവാളികളായ രണ്ടുപേരെ കാപ്പാ നിയമപ്രകാരം ആറുമാസത്തേക്ക് കരുതല്‍ തടങ്കലിലാക്കി.

കൊല്ലം കണ്ണനല്ലൂർ ഷർമി മൻസിലില്‍ ഷിഹാബിന്റെ മകൻ ഷഹാർ (27), കൊല്ലം മുഖത്തല കടയില്‍ വീട്ടില്‍ കമാലുദ്ദീന്റെ മകൻ അജ്മല്‍ (35) എന്നിവർക്കെതിരെയാണ് കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.

പൊതുസമാധാനത്തിന് വലിയ രീതിയില്‍ ഭീഷണിയായിത്തീർന്ന ഇവർക്കെതിരെ മുൻപും നിരവധി തവണ നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ വീണ്ടും ഇവർ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങള്‍ തുടർന്ന സാഹചര്യത്തിലാണ് കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കാൻ അധികൃതർ തീരുമാനിച്ചത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം. ഹേമലത ഐ.പി.എസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍, കൊല്ലം ജില്ലാ കളക്ടർ ആനി ജൂലിയ തോമസ് ഐ.എ.എസ് ആണ് കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

നിരവധി ക്രിമിനല്‍ കേസുകള്‍

പ്രതികളായ ഇരുവർക്കുമെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. വ്യക്തികള്‍ക്ക് നേരെയുള്ള അതിക്രമം, കൊലപാതക ശ്രമം, കൂട്ടായ ആക്രമണം, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ പോലീസ് ചാർജ് ചെയ്തിട്ടുള്ളത്.

പ്രതികളെ പിടികൂടിയ പോലീസ് സംഘം

കണ്ണനല്ലൂർ ഇൻസ്‌പെക്ടർ ബസന്തിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ആശാ വി. രേഖ, റെനോക്സ്, എ.എസ്.ഐ പ്രജേഷ്, എസ്.സി.പി.ഓ മാരായ മനാഫ്, നജുമുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയായ ഷഹാറിനെ അറസ്റ്റ് ചെയ്തത്.

മറ്റൊരു പ്രതിയായ അജ്മലിനെ കൊട്ടിയം സ്റ്റേഷന്റെ ചാർജ് വഹിക്കുന്ന കണ്‍ട്രോള്‍ റൂം ഇൻസ്‌പെക്ടർ നിയാസിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ആഷ്‌നി, സൗരവ്, സി.പി.ഓ മാരായ ചന്ദു, ശ്രീക്കുട്ടൻ, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വരും ദിവസങ്ങളിലും സാമൂഹ്യവിരുദ്ധർക്കെതിരെ കർശന നടപടികള്‍ തുടരുമെന്ന് പോലീസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi