തിരുവനന്തപുരം: കേരള ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തിനായി കോണ്‍ഗ്രസും മുസ്ലിം ലീഗും രംഗത്ത്. മുതിർന്ന നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ വി എം സുധീരനെയാണ് കോണ്‍ഗ്രസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
മുൻമന്ത്രി ഡോ. എം കെ മുനീറാണ് മുസ്ലിം ലീഗിന്റെ ചോയ്‌സ്. യുഡിഎഫില്‍ തീരുമാനമുണ്ടായാല്‍ ഉടൻ തന്നെ ചെയർമാൻ നിയമനം ഉണ്ടായേക്കും.ഈ വിഷയത്തില്‍ യു ഡി എഫിനുള്ളില്‍ ഔദ്യോഗിക ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ലെങ്കിലും, ഇരു പാർട്ടികളിലും ഈ രണ്ട് നേതാക്കളുടെയും പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. കഴിഞ്ഞ വർഷം അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ രാജിവച്ചതിനുശേഷം കേരള ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
സുധീരന്റെ രാഷ്ട്രീയ, ഭരണ പരിചയം കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ പേര് കോണ്‍ഗ്രസ് ഉയർത്തിക്കാട്ടുന്നത്. 'നിയമസഭാ സ്പീക്കർ, മന്ത്രി, എംഎല്‍എ, എംപി, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ സുധീരൻ തന്റെ യോഗ്യത തെളിയിച്ചിട്ടുണ്ട്. അതിനാല്‍, സർക്കാർ സാധ്യമായ എല്ലാ വഴികളിലും അദ്ദേഹത്തിന്റെ കഴിവുകള്‍ ഉപയോഗിക്കേണ്ട സമയമാണിത്.' ഒരു കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം ചൂടുപിടിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി അഭിപ്രായം തേടിയ ചുരുക്കം സംസ്ഥാന നേതാക്കളില്‍ ഒരാളാണ് സുധീരൻ. കുറച്ചുനാളുകളായി സുധീരൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. സുധീരനെപ്പോലുള്ള ഒരു നേതാവിനെ ആ സ്ഥാനത്തേക്ക് നിയമിക്കാനുള്ള സർക്കാരിന്റെ താല്‍പ്പര്യം മുഖ്യമന്ത്രി വി ഡി സതീശൻ പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
അതേസമയം, ഡോ. എം കെ മുനീറിനെ കേരള ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് മുസ്ലിം ലീഗ് നേതൃത്വം ഗൗരവമായി പരിഗണിക്കുന്നുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുനീർ മത്സരിച്ചിരുന്നില്ല. അതിനാല്‍ മുതിർന്ന നേതാവിന് അർഹമായ നിയമനം നല്‍കണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്.''കമ്മീഷൻ ചെയർപേഴ്സണ്‍ നിയമനത്തെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചു കഴിഞ്ഞാല്‍ ഞങ്ങള്‍ എം കെ മുനീറിന്റെ പേര് ഉയർത്തും,'' ഒരു മുസ്ലീം ലീഗ് നേതാവ് പറഞ്ഞു. അധികാരത്തിലിരിക്കെ പാർട്ടിയുടെ ഏക മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ മകനെ പദവിയില്‍ നിന്നും മാറ്റിനിർത്തിയെന്ന ആരോപണങ്ങളെക്കുറിച്ചും, മലബാറില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ലീഗിന് ആശങ്കയുണ്ട്.

