ഇടുക്കി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇരിക്കൂര്‍ എംഎല്‍എയുമായ കെ സി ജോസഫ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കൊവിഡ് 19 സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനുമായി അടുത്തിടപഴകിയതിനാല്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്‍ എംഎല്‍എ ഹോസ്റ്റലില്‍ എത്തിയപ്പോള്‍ കെ സി ജോസഫിന്റെ മുറിയില്‍ പോകുകയും ഏറെ നേരം ചെലവഴിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് കെ സി ജോസഫ് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്. കെ സി ജോസഫിന് കൊവിഡിന്റെ ലക്ഷണങ്ങളില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. പ്രതിരോധമെന്ന നിലയിലാണ് നിരീക്ഷണത്തിലിരിക്കാന്‍ തീരുമാനിച്ചതെന്നും കെ സി ജോസഫ് അറിയിച്ചു.
മാര്‍ച്ച് പതിനൊന്നിനാണ് ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍ എംഎല്‍എ ഹോസ്റ്റലില്‍ എത്തിയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ധര്‍ണയില്‍ ഉള്‍പ്പടെ പങ്കെടുത്തിരുന്നു. 26നാണ് അദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

