കോട്ടയം: നീണ്ടൂര്‍ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണമാലയും വെള്ളിയാഭരണങ്ങളും കവര്‍ന്ന കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റിലായി.
നീണ്ടൂര്‍ സ്വദേശി സനല്‍ നമ്പൂതിരിപ്പാടിനെയാണ് (45) ഏറ്റുമാനൂര്‍ പൊലീസ് പിടികൂടിയത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്.
ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. പൂജാരി ശ്രീകോവിലില്‍നിന്നു പുറത്തിറങ്ങിയ തക്കംനോക്കി അകത്തുകയറിയ പ്രതി സ്വര്‍ണമാലയും വെള്ളി അങ്കിയും വെള്ളിമാലയും കൈക്കലാക്കുകയായിരുന്നു. മോഷണം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന സനല്‍ മണ്ഡലം പ്രസിഡന്റ് ചുമതലയും വഹിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

