Dailyhunt
കുംഭമേള വൈറല്‍ താരത്തിന്റെ ആദ്യ സംവിധായകനെതിര പോക്സോ

കുംഭമേള വൈറല്‍ താരത്തിന്റെ ആദ്യ സംവിധായകനെതിര പോക്സോ

കൊച്ചി: കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടി തന്റെ ആദ്യസിനിമയുടെ സംവിധായകൻ യു.പി സ്വദേശി സനോജ് മിശ്രയ്ക്കെതിരേ ലൈംഗികാതിക്രമ പരാതി നല്‍കി.

എറണാകുളം സെൻട്രല്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. 2025ല്‍ 'ദ് ഡയറി ഒഫ് മണിപ്പൂർ" എന്ന സിനിമയുടെ ലൊക്കേഷനില്‍വച്ച്‌ ഒന്നിലധികംതവണ ദുരുദ്ദേശ്യത്തോടെ സ്പ‌ർശിച്ചുവെന്നാണ് ആരോപണം. അന്ന് തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

കേസില്‍ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കൊച്ചി പൊലീസ്, തുടരന്വേഷണത്തിനായി മദ്ധ്യപ്രദേശ് പൊലീസിന് കൈമാറി. ഇന്നലെ വൈകിട്ട് എറണാകുളം മജിസ്ട്രേട്ട് കോടതി പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

ചലച്ചിത്ര പ്രവർത്തകനായ ഫർമാൻ ഖാനുമായുള്ള വിവാഹശേഷം സനോജ് സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപിക്കുകയാണെന്നും മദ്ധ്യപ്രദേശിലെ കേസുകള്‍ക്കു പിന്നില്‍ ഇയാളാണെന്നും പെണ്‍കുട്ടി ആരോപിച്ചിട്ടുണ്ട്. ലൗ ജിഹാദ് ആരോപിച്ചുള്ള അധിക്ഷേപ പോസ്റ്റുകളുടെ പേരില്‍ വി.എച്ച്‌.പി നേതാവ് അനില്‍ വിളയില്‍ ഉള്‍പ്പെടെ മറ്റ് നാലു പേർക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi