Dailyhunt
മഹാരാഷ്ട്രയില്‍ സുസ്ഥിര സര്‍ക്കാര്‍ ഉടന്‍ അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ്- എന്‍സിപി നേതാക്കള്‍

മഹാരാഷ്ട്രയില്‍ സുസ്ഥിര സര്‍ക്കാര്‍ ഉടന്‍ അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ്- എന്‍സിപി നേതാക്കള്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് - എന്‍സിപി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താനുണ്ടെന്നും ചര്‍ച്ച വ്യാഴാഴ്ചയും തുടരുമെന്നും കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാന്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ സുസ്ഥിരമായ സര്‍ക്കാര്‍ ഉടന്‍ അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് - എന്‍സിപി നേതാക്കള്‍ പറഞ്ഞു.

ശിവസേനയും എന്‍സിപിയും മുഖ്യമന്ത്രിപദം പങ്കിടുന്ന ഫോര്‍മുലയാണ് പരിഗണനയിലുള്ളത്. ആദ്യ ഊഴത്തില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. ധാരണയനുസരിച്ച്‌ രണ്ട് ഉപമുഖ്യമന്ത്രിമാരില്‍ ഒരാള്‍ കോണ്‍ഗ്രസില്‍ നിന്നാവും.

വിരുദ്ധ ധ്രുവങ്ങളിലായിരുന്ന മൂന്ന് രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള ഏകോപനത്തിനായി പ്രത്യേക സമിതി രൂപീകരിക്കും. ധാരണയുടെ ഭാഗമായി തീവ്രഹിന്ദുത്വ നിലപാട് മയപ്പെടുത്താന്‍ ശിവസേന തയ്യാറായേക്കും.

കോണ്‍ഗ്രസ് നേതാക്കള്‍ എന്‍സിപി നേതാവ് ശരദ് പവാറുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. അതേസമയം, മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശിവസേന എംപി സഞ്ജയ് റാവുത്തുമായി ചര്‍ച്ച നടത്തി.

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എന്‍സിപി നേതാവ് ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് മുന്‍കയ്യെടുത്തത്. കൂടിക്കാഴ്ച നടന്ന വേളയില്‍ അടുത്ത തവണ പവാറിന് രാഷ്ട്രപതി പദം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. രാജ്യസഭയില്‍ കഴിഞ്ഞ ദിവസം മോദി എന്‍സിപിയെ അഭിനന്ദിച്ചതും അദ്ദേഹത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.

ശിവസേനയുമായുള്ള സഖ്യത്തിന് തുടക്കത്തില്‍ വിമുഖത കാട്ടിയിരുന്ന സോണിയാ ഗാന്ധി പിന്നീട് പച്ചക്കൊടി കാട്ടിയതോടെയാണ് ചര്‍ച്ചകള്‍വേഗത്തിലായത്. സോണിയാ ഗാന്ധിയുമായി ബുധനാഴ്ച കൂടികാഴ്ച നടത്തിയ മുസ്ലിം ലീഗ് നേതാക്കള്‍, ശിവസേനയുമായുള്ള സഖ്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi