Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മണിപ്പൂരി സംഗീതജ്ഞനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി; 8 പേര്‍ അറസ്റ്റില്‍

മണിപ്പൂരി സംഗീതജ്ഞനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി; 8 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീടിനുപുറത്ത് ഒരുകൂട്ടം ആളുകള്‍ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി.

മണിപ്പൂരിലെ മെയ്തി വിഭാഗത്തില്‍പ്പെട്ട ചോങ്താം വിക്രം സിങ് (54) ആണ് മര്‍ദ്ദനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ കിലോകാരി ഗ്രാമത്തിലായിരുന്നു സംഭവം.

അക്രമവുമായി ബന്ധപ്പെട്ട് ഡെലിവറി ജീവനക്കാരും ധാബ ജീവനക്കാരും അടങ്ങുന്ന എട്ട് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്തയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഭരത് കുമാര്‍ (19), പ്രമോദ് (26), റംസാന്‍ ഖാന്‍ (22), ദീപാന്‍ഷു (21), മോഹന്‍ വിശ്വകര്‍മ (32), വിജയ് (36), മന്നു (26) എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച പുലര്‍ച്ചെ വിക്രം സിങ്ങിന്റെ വീടിന് പുറത്ത് ഒരുകൂട്ടം ആളുകള്‍ ബഹളംവെയ്ക്കുകയും ശല്യമുണ്ടാക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തതിനാണ് പ്രതികള്‍ ഇദ്ദേഹത്തെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ ഹോളി ഫാമിലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്തുനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിലൂടെ അക്രമത്തില്‍ പങ്കെടുത്തവരുടെ കൃത്യമായ വിവരങ്ങളും പങ്കും കണ്ടെത്താനാകുമെന്നാണ് വിലയിരുത്തല്‍. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, വിക്രം സിങ്ങിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുകൊല്ലുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബന്ധു ആരോപിച്ചു. വര്‍ഷങ്ങളായി കിലോകരി ഗ്രാമത്തില്‍ താമസിക്കുന്നയാളാണ് മണിപ്പുര്‍ സ്വദേശിയായ വിക്രം സിങ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ നേരിടുന്ന വംശീയ അധിക്ഷേപങ്ങളില്‍ അവര്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

വിക്രം സിങ്ങിന്റെ മരണത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിങ് അനുശോചനം രേഖപ്പെടുത്തി. സംഗീത മേഖലയ്ക്കും മണിപ്പൂരിന്റെ സാംസ്‌കാരിക ജീവിതത്തിനും അദ്ദേഹം നല്‍കിയ വലിയ സംഭാവനകള്‍ എക്കാലവും ആദരവോടെ സ്മരിക്കപ്പെടുമെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. മുന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങും വിക്രം സിങ്ങിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi