Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മയാമിയില്‍ ആമസോണ്‍ കാര്‍ഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; 5 മരണം

മയാമിയില്‍ ആമസോണ്‍ കാര്‍ഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; 5 മരണം

യാമി: മയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആമസോണ്‍ എയര്‍ കാര്‍ഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു.

അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പ്യൂര്‍ട്ടോ റിക്കോയിലെ സാന്‍ ജുവാനില്‍ നിന്ന് എത്തിയ ബോയിങ് 767-300 കാര്‍ഗോ വിമാനമാണ് ഞായറാഴ്ച ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്ങിനിടെ റണ്‍വേ മറികടന്ന് പുറത്തേക്ക് പോയ വിമാനം സമീപത്തെ റോഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങളിലും ഇടിച്ചതായി അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (NTSB) സംഘം മയാമിയിലേക്ക് അയയ്ക്കും. NTSB ചെയര്‍വുമണ്‍ ജെന്നിഫര്‍ ഹോമന്‍ഡിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും (FAA) ആമസോണും അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.

ഫ്ലൈറ്റ് ട്രാക്കിങ് സേവനമായ Flightradar24-ന്റെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം വിമാനം റണ്‍വേയില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ മണിക്കൂറില്‍ ഏകദേശം 128 മൈല്‍ (206 കിലോമീറ്റര്‍) വേഗതയിലായിരുന്നു. അപകടത്തെ തുടര്‍ന്ന് തീപിടിത്തമുണ്ടായതായും ഏകദേശം 200 ഫയര്‍ റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിനും തീ നിയന്ത്രിക്കാനുമായി സ്ഥലത്തെത്തിയതായും മയാമി-ഡേഡ് ഫയര്‍ റെസ്‌ക്യൂ അറിയിച്ചു. വാഹനങ്ങളിലൊന്നിന്റെ അടിയില്‍ കുടുങ്ങിയ ഒരാളെ പ്രത്യേക രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു.

അപകടവുമായി ബന്ധപ്പെട്ട് ആകെ 10 പേരെയാണ് ആശുപത്രികളിലേക്ക് മാറ്റിയത്. ഇതില്‍ മൂന്ന് പേരെ പ്രാദേശിക ട്രോമ സെന്ററിലും മറ്റ് രണ്ട് പേരെ സമീപത്തെ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്. വിമാനത്തിന്റെ എന്‍ജിന്‍ സുരക്ഷിതമായി ഓഫ് ചെയ്യുന്നതിനും ഇന്ധന ചോര്‍ച്ച നിയന്ത്രിക്കുന്നതിനുമായി പ്രത്യേക ഹസ്മാറ്റ് സംഘവും സ്ഥലത്ത് പ്രവര്‍ത്തിച്ചു.

അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചതില്‍ ആമസോണ്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അപകടത്തില്‍ ബാധിക്കപ്പെട്ട എല്ലാവര്‍ക്കും അഗാധമായ അനുശോചനം അറിയിക്കുന്നതായി ആമസോണ്‍ വക്താവ് കെല്ലി നാന്റല്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് മയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ ഗ്രൗണ്ട് സ്റ്റോപ്പ് ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം പിന്‍വലിച്ചു. നാല് റണ്‍വേകളില്‍ രണ്ടെണ്ണം വീണ്ടും പ്രവര്‍ത്തനസജ്ജമാക്കിയതായി അധികൃതര്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi