Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മോദിയും വിഡിയും ഇഡിയും ചേര്‍ന്ന പ്രത്യേക കൂട്ടുകെട്ട്: എം വി ഗോവിന്ദന്‍

മോദിയും വിഡിയും ഇഡിയും ചേര്‍ന്ന പ്രത്യേക കൂട്ടുകെട്ട്: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാറിന്റെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

മോദിയും വിഡിയും ഇഡിയുമെല്ലാം ചേര്‍ന്ന പ്രത്യേക കൂട്ടുകെട്ടാണ് പിണറായിക്കെതിരായ നീക്കത്തിന് പിന്നിലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. യഥാര്‍ഥ അന്വേഷണം നടത്തുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യംവെച്ച്‌ പ്രമുഖ നേതാക്കളെ കേസിലേക്ക് വലിച്ചിഴയ്ക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

സിഎംആര്‍എല്‍ കേസ് പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള കേസാണെന്ന് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി ഇഡി ഉണ്ടാക്കിയ മൊഴിയെല്ലാം പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും ആ മൊഴിയിന്മേല്‍ കേസെടുക്കുകയെന്ന കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് ഇപ്പോള്‍ നടക്കുന്നത്. കമ്പനിക്ക് അധികം ചെലവുണ്ടാക്കിയെന്ന് പറഞ്ഞാണ് ഇ.ഡി രംഗത്തുവന്നത്. യഥാര്‍ഥ കുറ്റവാളികളെ കുറിച്ച്‌ അന്വേഷിക്കാതെ പിണറായിയെയും റിയാസിനെയും കേസിന്റെ ഭാഗമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ ബിജെപി രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേ നിലപാട് സ്വീകരിക്കുകയാണ്. കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത പോലെ അതിനെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. കോലീബീ സഖ്യത്തിന്റെ കാലം തൊട്ട് ആരംഭിച്ച ഈ കൂട്ടുകെട്ട് യുഡിഎഫ് അധികാരത്തില്‍ എത്തിയതിന് ശേഷവും തീവ്രമായി തുടരുകയാണെന്ന് എംവി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ചൊല്ലിയതോട് കൂടി ഭരണതലത്തിലും ഈ കൂട്ടുകെട്ട് വ്യാപിക്കുകയായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പരാമര്‍ശമുണ്ടായില്ല. സമാനമായ അനുഭവം ബജറ്റ് പ്രസംഗത്തിലും ഉണ്ടായി. ലേബര്‍ കോഡ് അതേപോലെ നടപ്പിലാക്കുമെന്നുള്ള നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിനുള്ള മറ്റൊരു കീഴടങ്ങലാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi