Dailyhunt
മോശം പെരുമാറ്റം, അഭിഷേക് ശര്‍മക്കെതിരെ അച്ചടക്ക നടപടി, വന്‍ പിഴ

മോശം പെരുമാറ്റം, അഭിഷേക് ശര്‍മക്കെതിരെ അച്ചടക്ക നടപടി, വന്‍ പിഴ

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ വമ്പന്‍ ജയത്തിന്റെ ആവേശത്തിനിടയിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് തിരിച്ചടി.

മത്സരത്തിനിടെ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അഭിഷേകിന് ഐപിഎല്‍ അച്ചടക്ക സമിതി വന്‍ തുക പിഴ ചുമത്തി. മാച്ച്‌ ഫീയുടെ 25 ശതമാനമാണ് പിഴയായി നല്‍കേണ്ടത്. കൂടാതെ അഭിഷേകിന്റെ അക്കൗണ്ടില്‍ ഒരു ഡിമെറിറ്റ് പോയിന്റും രേഖപ്പെടുത്തി. മത്സരത്തിനിടെ പ്രകോപനപരമായതോ അശ്ലീലമായതോ ആയ ഭാഷ ഉപയോഗിച്ചതിനാണ് നടപടി.

ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.3 പ്രകാരമുള്ള ലെവല്‍-1 കുറ്റമാണ് അഭിഷേക് ചെയ്തതെന്ന് മാച്ച്‌ റഫറി കണ്ടെത്തി. സ്റ്റേഡിയത്തിലെ കാണികള്‍ക്കോ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കോ കേള്‍ക്കാവുന്ന രീതിയില്‍ മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് ഈ നിയമപ്രകാരം കുറ്റകരമാണ്. തന്റെ പുറത്താകലില്‍ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് താരം നടത്തിയ ചില പരാമര്‍ശങ്ങളാണ് പിഴയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിഷേക് കുറ്റം സമ്മതിച്ചതായും മാച്ച്‌ റഫറിയുടെ ശിക്ഷാ നടപടി അംഗീകരിച്ചതായും ഐപിഎല്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

21 പന്തില്‍ 48 റണ്‍സടിച്ച അഭിഷേകിനെ ബ്ലെസിംഗ് മുസറബാബിനയുടെ പന്തില്‍ ബൗണ്ടറിയില്‍ വരുണ്‍ ചക്രവര്‍ത്തി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. വരുണ്‍ ക്യാച്ച്‌ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പന്ത് നിലത്ത് തട്ടിയിരുന്നോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും മൂന്നാം അമ്പയര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം ഔട്ട് വിധിച്ചു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചതാണ് അഭിഷേകിനെതിരായ അച്ചടക്ക നടപടിക്ക് കാരണമായത്.

അച്ചടക്ക നടപടി നേരിട്ടെങ്കിലും ബാറ്റിംഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് അഭിഷേക് പുറത്തെടുത്തത്. ആര്‍സിബിക്കെതിരായ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയതിനുശേഷം ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് 21 പന്തില്‍ നിന്ന് 48 റണ്‍സ് അടിച്ചുകൂട്ടി. നാല് ബൗണ്ടറികളും നാല് സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്‌സ്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്തപ്പോള്‍ അഭിഷേക്-ട്രാവിസ് ഹെഡ് സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 5.4 ഓവറില്‍ 82 റണ്‍സെടുത്ത് കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടിരുന്നു. ഏപ്രില്‍ 5-ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi