Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാളിലെ മിന്നല്‍ പ്രളയം; മരണസംഖ്യ 170 ആയി

നേപ്പാളിലെ മിന്നല്‍ പ്രളയം; മരണസംഖ്യ 170 ആയി

കാഠ്മണ്ഡു: നേപ്പാളില്‍ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു.

മരണസംഖ്യ 170 ആയി. അപകടത്തില്‍ 105 ഇന്ത്യന്‍ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

തമിഴ്‌നാട്ടില്‍ നിന്ന് പോയ 37 പേരെക്കുറിച്ച്‌ വിവരമില്ല. ഇഷ ഫൗണ്ടേഷന്‍ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല. അപകടത്തില്‍ ഇതുവരെ 800 ല്‍ അധികം പേരെ കാണാതായതായി നേപ്പാളി റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. ഇതില്‍ 466 പേര്‍ വിനോദ സഞ്ചാരികളെന്ന് നേപ്പാള്‍ സര്‍ക്കാര്‍.

നേപ്പാള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. പ്രളയത്തില്‍ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂര്‍ണ്ണമായി തകര്‍ന്നു. മിന്നല്‍പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഇന്ത്യയിലെ ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലെ നദീതീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

നേപ്പാള്‍ ടൂറിസം ബോര്‍ഡ് നല്‍കിയ വിവരങ്ങള്‍ അനുസരിച്ച്‌ ആകെ 384 വിനോദസഞ്ചാരികളെ ആണ് കാണാതായത്. ഇതില്‍ 105 പേര്‍ ഇന്ത്യക്കാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ദുരന്തത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, പാലങ്ങള്‍ ഒലിച്ചുപോയി. സൈന്യത്തിന്റെ നേതൃത്വത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ടിബറ്റന്‍ മേഖലയില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടര്‍ന്നുണ്ടായ ഹിമപാതമാണ് നദിയില്‍ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാള്‍ ഭരണകൂടം പറയുന്നത്.

  • Aug 26, 2026 21:27 IST
    നേപ്പാള്‍ ദുരന്തം വിവരിച്ച്‌ മലയാളിയുടെ വാക്കുകള്‍

    കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയം നേരിട്ട് കണ്ട മലയാളി അഭിറാം വി.യുടെ വാക്കുക ഏവരെയും ഭീതിയിലാക്കിയിരിക്കുകയാണ്.. നേപ്പാളില്‍ വിനോദസഞ്ചാരത്തിനെത്തിയ 14 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് കോട്ടയം സ്വദേശി അഭിറാം. ഇന്ന് രാവിലെ കാണ്മഠുവില്‍ നിന്ന് മനോകാമ്‌ന ക്ഷേത്രത്തിലേക്ക് അഭിറാമും സംഘവും പോകുന്നതിനിടെയാണു മിന്നല്‍ പ്രളയമുണ്ടായത്.

    ''വീടുകളും മരങ്ങളും ഒലിച്ചുപോയി. പെട്ടെന്ന് വെള്ളം കൂടിവന്നു. ആളുകള്‍ ഓടിമാറാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പൊലീസുകാര്‍ വണ്ടി വന്ന് ബ്ലോക്ക് ചെയ്തു. അവിടെ ആറു മണിക്കൂര്‍ പെട്ടു കിടുന്നു. ഇപ്പോള്‍ കാട്ടിലൂടെ സഞ്ചരിച്ച്‌ പൊഖാറയിലോട്ട് ഞങ്ങള്‍ പോവുകയാണ്. അവിടെ താമസിക്കാനാണ് നിലവിലെ പ്ലാന്‍. ഇതുവരെയുള്ള വഴിയില്‍ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. ഇനിയങ്ങോട്ട് എങ്ങനെയാണെന്ന് അറിയില്ല. പ്രളയബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ് '' അഭിറാം പറഞ്ഞു.

    ഓഗസ്റ്റ് 23 ന് കൊച്ചിയിലെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നാണ് 14 അംഗ സംഘം യാത്ര പുറപ്പെട്ടത്. ലെന്‍സ്‌ഫെഡ് എന്‍ജിനീയേഴ്‌സ് അസോസിയേഷനിലെ അംഗങ്ങളും കുടുംബാംഗങ്ങളുമാണ് ഇവര്‍. ട്രാവല്‍ ഹബ് 24 എന്ന ഏജന്‍സിയാണ് ഇവരുടെ യാത്ര ക്രമീകരിച്ചിരുന്നത്. കൊച്ചിയില്‍ നിന്ന് നേപ്പാളിലേക്ക് പോയ 36 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍.



  • Aug 26, 2026 20:40 IST
    നേപ്പാളിലെ മിന്നല്‍ പ്രളയം; നദികളില്‍ ജലനിരപ്പ് ഉയരുന്നു, അതീവ ജാഗ്രതയില്‍ ബിഹാര്‍

    കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളപ്പൊക്ക സാധ്യത മുന്നില്‍ക്കണ്ട് തയ്യാറെടുപ്പുമായി ബിഹാര്‍. മുന്‍കരുതലിന്റെ ഭാഗമായി വാല്‍മീകി നഗറിലെ ജലനിയന്ത്രണ കവാടങ്ങള്‍ തുറന്നുവിട്ടു. ഇതിന് പുറമെ, ദുരന്തനിവാരണ സേനയെയും സജ്ജമാക്കിയിട്ടുണ്ട്.

    ഭോട്ടെകോശി നദിയിലൂടെ മിന്നല്‍പ്രളയം കുത്തിയൊഴുകുകയും ഗണ്ഡക് നദീ സംവിധാനത്തിലേക്ക് നേരിട്ട് ഒഴുകുന്ന ത്രിശൂലി നദീതടത്തില്‍ ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് വാല്‍മീകിനഗറിലെ 36 ഗേറ്റുകളും മുന്‍കരുതലായി തുറന്നതെന്ന് ബിഹാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സംഘത്തെ വകുപ്പ് ആസ്ഥാനത്തു നിന്ന് ബാരേജിലേക്ക് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    രാവിലെ 9 മണിയോടെ ടിബറ്റില്‍ ഹിമാന തടാകം പൊട്ടിത്തെറിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഭോട്ടെകോശിയില്‍ ഏകദേശം മൂന്ന് മീറ്ററിന്റെ ജലനിരപ്പ് ഉയര്‍ന്നു. അധിക ജലപ്രവാഹം താഴേക്കുള്ള ഗണ്ഡക് നദിയിലെ നീരൊഴുക്കിലും ജലനിരപ്പിലും അപ്രതീക്ഷിത വര്‍ധന ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

    ഉച്ചയ്ക്ക് 12 മണിക്ക് വാല്‍മീകിനഗറിലെ ഗണ്ഡക് ബാരേജിലെ നീരൊഴുക്ക് 86,000 ക്യൂസെക്കായിരുന്നു. ഇത് ജലനിരപ്പ് ഉയരുന്ന പ്രവണതയിലാണെന്നും അധികൃതര്‍ അറിയിച്ചു. നേപ്പാളിലെ ദേവ്ഘട്ട് ഗേജ് സ്റ്റേഷനില്‍ നദിയിലെ ജലനിരപ്പ് 4.77 മീറ്ററാണ്. ഇവിടെ അപകടനില 9 മീറ്ററും മുന്നറിയിപ്പ് നില 7.30 മീറ്ററുമാണ്. ദേവ്ഘട്ടിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ അവിടെ നിന്നുള്ള അധികജലം ഗണ്ഡക് ബാരേജിലെത്താന്‍ ഏകദേശം 3.5 മണിക്കൂര്‍ വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.

    വെള്ളപ്പൊക്ക സാധ്യതയെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും സംസ്ഥാന ഭരണകൂടം ആരംഭിച്ചു. ചീഫ് സെക്രട്ടറി ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റുമാരുമായി അടിയന്തര യോഗം ചേര്‍ന്ന്, അണക്കെട്ടുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് പൊതുജന അറിയിപ്പ് സംവിധാനങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കാനും ആവശ്യമായാല്‍ അവരെ സമയബന്ധിതമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.

    ദുരന്തബാധിത സാധ്യത മേഖലകളില്‍ ദേശീയ ദുരന്തനിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്) സംസ്ഥാന ദുരന്തനിവാരണ സേനയുടെയും (എസ്ഡിആര്‍എഫ്) സംഘങ്ങളെ വിന്യസിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയും ചീഫ് സെക്രട്ടറി, ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജലവിഭവ വകുപ്പ് സെക്രട്ടറി എന്നിവരുമായി പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

    ഉദ്യോഗസ്ഥര്‍ ഹൈ അലര്‍ട്ട് നിലയില്‍ തുടരണമെന്നും ആവശ്യമായ എല്ലാ നടപടികളും സമയബന്ധിതമായി സ്വീകരിക്കണമെന്നും സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

    അതേസമയം, പട്നയിലെ സിഞ്ചായി ഭവനിലുള്ള കേന്ദ്ര പ്രളയ നിയന്ത്രണ സെല്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാക്കി. അണക്കെട്ടുകളില്‍ ചോര്‍ച്ച, പൈപ്പിംഗ്, മണ്ണൊലിപ്പ്, കേടുപാടുകള്‍, അണക്കെട്ടുകള്‍ക്ക് മനഃപൂര്‍വം വരുത്തുന്ന നാശനഷ്ടങ്ങള്‍ തുടങ്ങിയ പ്രളയ അടിയന്തര സാഹചര്യങ്ങള്‍ ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

    വിവരങ്ങള്‍ക്കും പരാതികള്‍ക്കുമായി 0612-2206669, 0612-2215850 എന്നീ ടെലിഫോണ്‍ നമ്പറുകളും 7463889706, 7463889707 എന്നീ മൊബൈല്‍ നമ്പറുകളും വകുപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഉത്തര്‍പ്രദേശിലെ അതിര്‍ത്തി ജില്ലകളായ മഹാരാജ്ഗഞ്ചിലും കുശിനഗറിലും ജാഗ്രത ശക്തമാക്കി.

    നേപ്പാളിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ ഏറെ ആശങ്കാജനകമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഇരു ജില്ലകളിലെയും പ്രാദേശിക ഭരണകൂടങ്ങളോട് ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. ഗണ്ഡക് നദിയിലെ ജലനിരപ്പ് കര്‍ശനമായി നിരീക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.



  • Aug 26, 2026 20:28 IST
    മലയാളി സംഘത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെട്ട് മുഖ്യമന്ത്രി; അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

    തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മലയാളി സംഘവും കുടുങ്ങിയെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അടിയന്തര ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. പ്രളയത്തില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി വി ഡി സതീശന്‍ ചുമതലപ്പെടുത്തി. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ഇടപെടല്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

    സാഹചര്യങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തുന്നുണ്ട്. വിനോദ സഞ്ചാരത്തിനായി നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണം.

    നമ്പര്‍

    944 7111844

    9747132147

    നേപ്പാളിലുണ്ടായ ശക്തമായ മിന്നല്‍ പ്രളയത്തില്‍ 36 അംഗ മലയാളി ടൂറിസ്റ്റ് സംഘമാണ് അപകടമേഖലയില്‍ കുടുങ്ങിയത്. കാസര്‍കോട് കുമ്പള പൊലീസ് സ്റ്റേഷനിലെ എസ്‌ഐ പ്രദീപ് അടക്കമുള്ളവരുടെ സംഘമാണ് നേപ്പാളില്‍ കുടുങ്ങിയത്. സംഘത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

    ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ തുറന്നു

    മിന്നല്‍ പ്രളയത്തില്‍ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നേപ്പാള്‍ സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി അടിയന്തര ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. (+977 985 131 6807, +977 970 910 7500) എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.



Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi