Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാളിന് 47.5 ടണ്‍ അടിയന്തര ദുരിതാശ്വാസ സാമഗ്രികള്‍ കൈമാറി ഇന്ത്യ; മരണം 469 ആയി, 1500 പേരെക്കുറിച്ച്‌ വിവരമില്ല

നേപ്പാളിന് 47.5 ടണ്‍ അടിയന്തര ദുരിതാശ്വാസ സാമഗ്രികള്‍ കൈമാറി ഇന്ത്യ; മരണം 469 ആയി, 1500 പേരെക്കുറിച്ച്‌ വിവരമില്ല

കാഠ്മണ്ഡു: മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാൡ മരണസംഖ്യ 469 ആയി. 1500 പേരെ ഇപ്പോഴും കണ്ടെത്താനുണ്ടെന്നാണ് വിവരം.മേഖലയിലേയ്ക്ക് കൂടുതല്‍ സഹായ സാമഗ്രികള്‍ അയയ്ക്കുന്നതിനുള്ള നടപടികളുമായി ഇന്ത്യ.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകുന്ന ബെയ്‌ലി പാലങ്ങള്‍ നേപ്പാളിലേയ്ക്ക് അയയ്ക്കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. പ്രളയത്തില്‍ നിരവധി പാലങ്ങള്‍ ഒലിച്ചുപോയ സാഹചര്യത്തിലാണ് നടപടി.

ബുധനാഴ്ച രാത്രി മുതല്‍ രണ്ട് സൈനിക ഗതാഗത വിമാനങ്ങളിലായി ഇന്ത്യ 47.5 ടണ്‍ അടിയന്തര ദുരിതാശ്വാസ സാമഗ്രികള്‍ നേപ്പാളിലെത്തിച്ചിരുന്നു. വ്യാഴാഴ്ച ഇന്ത്യ നേപ്പാളിലേക്ക് 37.5 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ കൂടി സൈനിക ഗതാഗത വിമാനത്തില്‍ അയച്ചു. ബുധനാഴ്ച 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികളും അയച്ചിരുന്നു.

നേപ്പാളിലെ ദുരന്ത ബാധിത മേഖലകളില്‍ നിന്ന് ഇതുവരെ 1,000-ത്തിലേറെ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ 60 ശതമാനത്തോളം പേരും ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ റസുവ ജില്ലയില്‍ നിന്നുള്ളവരാണ്. കൈലാസ് മാനസസരോവര്‍ യാത്രയ്ക്കായി നേപ്പാളിലെത്തിയ തീര്‍ഥാടകരെക്കുറിച്ച്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ട്രാവല്‍ ഏജന്‍സികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

290 ഇന്ത്യക്കാരെ ഇപ്പോഴും ബന്ധപ്പെടാനായിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. കൂടാതെ, സിനോ-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനീസ് ഭാഗത്ത് ഏകദേശം 200 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നേപ്പാളിലെയും ചൈനയിലെയും അധികൃതരുമായി ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നേപ്പാളില്‍ ബന്ധപ്പെടാനാകാത്ത ഇന്ത്യക്കാരില്‍ ജലവൈദ്യുത പദ്ധതികളില്‍ ജോലി ചെയ്യുന്നവരും തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാര സംഘങ്ങളുമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ത്രിശൂലി-1 ജലവൈദ്യുത പദ്ധതിയില്‍ ജോലി ചെയ്യുന്ന 73 ഇന്ത്യക്കാരെയും ബന്ധപ്പെടാനായിട്ടില്ല. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി പദ്ധതിയുടെ മേധാവിയുമായി ബന്ധപ്പെടുന്നുണ്ട്.

കൈലാസ് മാനസസരോവര്‍ യാത്രയ്ക്കായി സാമ്രാട്ട്, ഫ്‌ലൈ എവറസ്റ്റ് എന്നീ ട്രാവല്‍ ഏജന്‍സികള്‍ വഴി നേപ്പാളിലെത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള 37 പേരുടെയും 49 പേരുടെയും രണ്ട് സംഘങ്ങളുമായും ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. സാമ്രാട്ട് ട്രാവല്‍സിന്റെ സഹായത്തോടെ റസുവ ജില്ലയിലെ ടിമുറെയിലെത്തിയ പശ്ചിമ ബംഗാളില്‍ നിന്നുള്ള 32 പേരടങ്ങിയ സംഘവും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 61 പേരടങ്ങിയ മറ്റൊരു സംഘവും നിലവില്‍ ബന്ധപ്പെടാനാകാത്തവരുടെ പട്ടികയിലുണ്ട്. കേരളത്തില്‍ നിന്നുള്ള 33 പേരടങ്ങിയ സംഘവും ഉണ്ടെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi