പെട്രോള്‍ വില അടിക്കടി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ വിപ്ലവം സൃഷ്ടിച്ച് മുന്നേറുകയാണ്.
ഇപ്പോള്‍ പഴയ പെട്രോള്‍ സ്‌കൂട്ടറുകളെല്ലാം കൊടുത്തിട്ട് ആളുകള്‍ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാന്‍ തുടങ്ങി. വിശ്വസിച്ച് ഏത് വാങ്ങുമെന്ന് ആലോചിച്ച് ഇന്ത്യക്കാര്‍ ഇപ്പോള്‍ അധികം തലപുകയ്ക്കാറില്ല. കാരണം എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇവിയായി മാറിയിരിക്കുകയാണ് ടിവിഎസ് ഐക്യൂബ് (TVS iQube). കൂട്ടത്തിലുള്ള പലരും ചീത്തപ്പേര് കേള്‍പ്പിച്ചപ്പോള്‍ ഇതിലൊന്നും പെടാതെ ജൈത്രയാത്ര തുടരുകയാണ്.
ഇന്ന് വാങ്ങാനാവുന്നതില്‍ ഏറ്റവും ബെസ്റ്റ് ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ഐക്യൂബ്. സാക്ഷാല്‍ പെട്രോള്‍ സ്‌കൂട്ടറുകളെ വരെ തോല്‍പ്പിക്കുന്ന വില്‍പ്പനയുമായി കുതിക്കുകയാണ് മോഡല്‍. പോയമാസം ഇന്ത്യയിലെ ടോപ്പ് സെല്ലിംഗ് സ്‌കൂട്ടറുകളുടെ പട്ടികയില്‍ ആക്ടിവയ്ക്കും ജുപ്പിറ്ററിനും ആക്‌സസിനും പിന്നില്‍ നാലാം സ്ഥാനം കൈവരിക്കാനും ടിവിഎസിന്റെ ബാറ്ററി ടൂവീലറിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.
പെട്രോള്‍ സ്‌കൂട്ടറുകളുടെ അന്തകനായി പേരെടുത്തിരിക്കുന്ന ടിവിഎസ് ഐക്യൂബ് കഴിഞ്ഞ മാസം 37,193 പേരാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് 2025 ഏപ്രില്‍ മാസത്തില്‍ നിരത്തിലെത്തിച്ച 27,604 യൂണിറ്റുകളേക്കാള്‍ 34.74 ശതമാനത്തിന്റെ വര്‍ധനവാണ് കാണിക്കുന്നത്. അതായത് കൃത്യം ഒരുവര്‍ഷത്തിനിപ്പുറം ഇവിയുടെ 9,589 യൂണിറ്റുകള്‍ അധികമായി നിരത്തിലെത്തിക്കാന്‍ ടിവിഎസിനായെന്ന് സാരം. നിരവധി വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ വിപണിയിലെത്തുന്നതിനാല്‍ ആളുകള്‍ക്ക് തെരഞ്ഞെടുക്കാന്‍ നിരവധി ഓപ്ഷനുകളാണുള്ളത്.
വിലയുടെ കാര്യമെടുത്താലും പോക്കറ്റില്‍ ഒതുങ്ങുന്ന രീതിയിലാണ് ഇവി വരുന്നത്. 94,434 രൂപ മുതല്‍ 1.71 ലക്ഷം രൂപ വരെയുള്ള വ്യത്യസ്ത വിലയില്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാനാവും. കൃത്യമായ ഇടവേളകളില്‍ ഐക്യൂബിലേക്ക് നവീകരണങ്ങള്‍ അവതരിപ്പിക്കാനും കമ്പനിക്കാവുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം ഐക്യൂബ് S 4.7 kWh എന്ന പുതിയ വേരിയന്റോടെ ശ്രേണി വിപുലീകരിച്ച് കമ്പനി കൈയടി നേടിയിരുന്നു.
പുതിയ ടിവിഎസ് ഐക്യൂബ് S 4.7 kWh വേരിയന്റിന് 1,37,142 രൂപയാണ് ഇന്ത്യയിലെ എക്സ്‌ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. വില അല്‍പം ഉയര്‍ന്നതാണോയെന്ന് ചിന്തിക്കുന്നവര്‍ക്കായി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 175 കിലോമീറ്റര്‍ റേഞ്ച് വരെ നല്‍കാന്‍ മോഡലിനാവുമെന്നാണ് ഉത്തരം പറയാനുള്ളത്. പ്രായോഗികതയ്ക്കും സൗകര്യത്തിനും മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഉയര്‍ന്ന കപ്പാസിറ്റിയുള്ള ബാറ്ററി പായ്ക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്.
മാഗ്നിഫിസെന്‍സ് പര്‍പ്പിള്‍ ബീജ്, ഹാര്‍ലെക്വിന്‍ ബ്ലൂ ബീജ് എന്നീ ആകര്‍ഷകമായ നിറങ്ങള്‍ക്കൊപ്പം ടൈറ്റാനിയം ഗ്രേ മാറ്റ് കളറിലും ഇലക്‌ട്രീക് ടൂവീലര്‍ വാങ്ങാം. പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് വന്നാല്‍ 4.4kW BLDC ഹബ് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററിയ്ക്ക് 6 bhp പവറില്‍ പരമാവധി 33 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം 0-40 കിലോമീറ്റര്‍ വേഗത 4.5 സെക്കന്‍ഡില്‍ കൈവരിക്കാനാവും.
ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ടോപ്പ് സ്പീഡ് 82 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് സ്‌ക്രീനും 118 കണക്റ്റഡ് ഫീച്ചറുകളുമെല്ലാം കൂടുതല്‍ പൈസ മുടക്കുന്ന ടോപ്പ് വേരിയന്റില്‍ കോര്‍ത്തിണക്കിയിട്ടുണ്ടെന്നതാനാല്‍ അക്കാര്യത്തിലും വാല്യു ഫോര്‍ മണിയാണ് ആശാന്‍. ഡിസ്‌പ്ലേ സ്വമേധയാ നിയന്ത്രിക്കാന്‍ സഹായിക്കുന്ന HMI ജോയ്സ്റ്റിക്കും ST വേരിയന്റിന് ലഭിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

