Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജഗിരി നോളജ് സമ്മിറ്റ് സമാപിച്ചു; ദയാ ബായിയുടെ ഏകാംഗ അവതരണം ശ്രദ്ധേയമായി

രാജഗിരി നോളജ് സമ്മിറ്റ് സമാപിച്ചു; ദയാ ബായിയുടെ ഏകാംഗ അവതരണം ശ്രദ്ധേയമായി

തൃക്കാക്കര : രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ് സംഘടിപ്പിച്ച ത്രിദിന 'രാജഗിരി നോളജ് സമ്മിറ്റ്' (ആര്‍.കെ.എസ്) പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു.

'അറിവിലൂടെ അഭിവൃദ്ധി' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സമ്മിറ്റില്‍ ശാസ്ത്രസാങ്കേതിക വിദഗ്ധര്‍, കലാസാഹിത്യ പ്രവര്‍ത്തകര്‍, ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമാപന ദിനത്തില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാ ബായി, പ്രശസ്ത അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ദയനീയ ജീവിത സാഹചര്യങ്ങള്‍ ആസ്പദമാക്കി ദയാ ബായി നടത്തിയ ഏകാംഗ അവതരണം കാണികളുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. ബൈബിളും ഇന്ത്യന്‍ ഭരണഘടനയുമാണ് തന്റെ വഴിവിളക്കുകളെന്ന് വ്യക്തമാക്കിയ അവര്‍, വ്യക്തമായ ലക്ഷ്യത്തോടെ ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. കാസര്‍ഗോഡിന്റെ പ്രശ്‌നങ്ങള്‍ മുഖ്യധാരയില്‍ എത്തിക്കുന്നതിന് വിദ്യാര്‍ത്ഥികളുടെ പിന്തുണയും സഹകരണവും അവര്‍ അഭ്യര്‍ത്ഥിച്ചു.കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നപരിഹാരത്തിനായി കേരളത്തിലെ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ചുകൊണ്ട് കോളേജിന്റെ നേതൃത്വത്തില്‍ ബൃഹത്തായ ഒപ്പുശേഖരണം നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. ലാലി മാത്യു പ്രഖ്യാപിച്ചു.

തുടര്‍ന്ന് പ്രശസ്ത മെന്റലിസ്റ്റ് ഫസല്‍ ബഷീര്‍ അവതരിപ്പിച്ച 'ട്രിക്‌സ്മാനിയ' എന്ന മെന്റലിസം ഷോയോടെയാണ് സമ്മിറ്റിന് തിരശ്ശീല വീണത്.ചടങ്ങില്‍ കോളേജ് ഡയറക്ടര്‍ റവ. ഫാ. അജീഷ് പുതുശ്ശേരി, പ്രിന്‍സിപ്പാള്‍ ഡോ. ലാലി മാത്യു, ആര്‍.കെ.എസ്. കണ്‍വീനര്‍ ഡോ. നീനു കുര്യാക്കോസ്, കോര്‍ കമ്മിറ്റി അംഗങ്ങളായ ഡോ. ഇന്ദു ജി. കൃഷ്ണന്‍, ഡോ. അഞ്ചു മരിയ സെബാസ്റ്റ്യന്‍, ഡോ. അഖില്‍ എം.എ. എന്നിവര്‍ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi