കോഴിക്കോട് : ഇന്ത്യയിലാദ്യമായി 3000 തൈറോയ്ഡ് പിൻഹോള്‍ ചികിത്സകള്‍ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മിംസ് ദേശീയ നേട്ടത്തിലേക്ക്.
രോഗമുക്തി നേടിയവരുടെ സംഗമവും ഈ നേട്ടത്തിന് പിന്നില്‍ പ്രവർത്തിച്ച ഡോക്ടർമാരെ ആദരിക്കുന്ന ചടങ്ങിന്റെയും ഉദ്ഘാടനം ആശുപത്രി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം നിർവഹിച്ചു.
കഴുത്തില്‍ വലിയ ശസ്ത്രക്രിയകളോ മുറിപ്പാടുകളോ ഇല്ലാതെ, പ്രത്യേക സൂചി ഉപയോഗിച്ച് തൈറോയ്ഡ് മുഴകള്‍ കരിച്ചു കളയുന്ന അത്യാധുനിക രീതിയാണ് പിൻഹോള്‍ പ്രൊസീജിയർ. ഈ ചികിത്സയിലൂടെ രോഗമുക്തി നേടിയവരുടെ സംഗമമാണ് ആശുപത്രിയില്‍ നടന്നത്. തങ്ങള്‍ക്ക് ആശ്വാസമേകിയ മെഡിക്കല്‍ സംഘത്തെ രോഗികള്‍ പൊന്നാടയണിയിച്ചും ഉപഹാരങ്ങള്‍ നല്‍കിയും ആദരിച്ചു.
മെഡിക്കല്‍ രംഗത്തെ അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതികവിദ്യകള്‍ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്ന് സി.ഒ.ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വലിയ ശസ്ത്രക്രിയകളെ ഭയന്നിരുന്ന മൂവായിരത്തോളം രോഗികള്‍ക്കാണ് ഈ ലളിതമായ ചികിത്സയിലൂടെ ആശ്വാസം നല്‍കാൻ കഴിഞ്ഞത്. മലബാറിലെ ജനങ്ങള്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഈ സ്ഥാപനത്തില്‍ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ ദേശീയ നേട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരമ്പരാഗത ശസ്ത്രക്രിയകള്‍ക്ക് പകരമായി കുറഞ്ഞ സമയത്തിനുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഈ ചികിത്സ സഹായിച്ചതായി കേരളത്തിന് അകത്തുനിന്നും പുറത്ത് നിന്നും ഒത്തുചേർന്ന രോഗം ബേധമായവർ പറഞ്ഞു.
കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി ആരോഗ്യ പരിപാലന രംഗത്ത് നിർണ്ണായക സ്വാധീനമായി തുടരുന്ന കോഴിക്കോട് ആസ്റ്റർ മിംസ് പ്രാദേശിക തലത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ മുൻപന്തിയിലാണ്. വരും നാളുകളിലും കൂടുതല്‍ ലളിതവും പാർശ്വഫലങ്ങളില്ലാത്തതുമായ അത്യാധുനിക ചികിത്സാരീതികള്‍ സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.ചടങ്ങില്‍ പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. എബ്രഹാം മാമ്മൻ, സീനിയർ കണ്‍സള്‍ട്ടന്റ് ന്യൂറോളജി ഡോ. മുഹമ്മദ് റഫീഖ് പി.കെ, ഡോ.കിഷോർ കണിയഞ്ചാലില്‍, എജിഎം മാർക്കറ്റിംഗ് അനു എസ് കടയത്ത്, അസിസ്റ്റന്റ് മാനേജർ ഓപ്പറേഷൻസ് ടീന ആനി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

