Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റോഹിങ്ക്യര്‍ക്കെതിരെ മ്യാന്‍മര്‍ വംശഹത്യ നടത്തിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി

റോഹിങ്ക്യര്‍ക്കെതിരെ മ്യാന്‍മര്‍ വംശഹത്യ നടത്തിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി

ഹേഗ്: റോഹിങ്ക്യന്‍ ന്യൂനപക്ഷത്തിനെതിരെ മ്യാന്‍മര്‍ വംശഹത്യ നടത്തിയതായി കണ്ടെത്തി അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ).

2017ല്‍ വടക്കന്‍ റാഖൈന്‍ സംസ്ഥാനത്ത് സൈന്യം നടത്തിയ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കിടെ വംശഹത്യ നടന്നതായി കോടതി വ്യക്തമാക്കി. 80 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു രാജ്യത്തെ വംശഹത്യയ്ക്ക് ഉത്തരവാദിയായി കണ്ടെത്തുന്നത് ഇതാദ്യമാണ്. ഒമ്പതിനെതിരെ ആറു വോട്ടുകള്‍ക്കാണ് വിധി. ആയിരക്കണക്കിന് സാധാരണക്കാരെ കൊലപ്പെടുത്തുകയും സ്ത്രീകള്‍ക്കെതിരെ വ്യാപകമായ ലൈംഗിക അതിക്രമങ്ങള്‍ നടത്തുകയും കുട്ടികളെ ക്രൂരമായി ആക്രമിക്കുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു.

സൈനിക നടപടികളെ തുടര്‍ന്ന് ലക്ഷക്കണക്കിന് റോഹിങ്ക്യകള്‍ക്ക് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യേണ്ടിവന്നു. റോഹിങ്ക്യന്‍ ഗ്രാമങ്ങള്‍ ആസൂത്രിതമായി നശിപ്പിക്കുകയും ജനവിഭാഗത്തെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുകയും ചെയ്തതായി കോടതി കണ്ടെത്തി. വംശീയ വിഭാഗത്തിന്റെ ഗണ്യമായൊരു ഭാഗത്തെ ഇല്ലാതാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് അതിക്രമങ്ങള്‍ നടന്നതെന്നതാണ് തെളിവുകളില്‍നിന്ന് ലഭിക്കുന്ന ഏക യുക്തിസഹമായ നിഗമനമെന്നും കോടതി വ്യക്തമാക്കി. വംശഹത്യ തടയുന്നതിലും കുറ്റവാളികളെ ശിക്ഷിക്കുന്നതിലും മ്യാന്‍മര്‍ പരാജയപ്പെട്ടതായും വിധിയില്‍ ചൂണ്ടിക്കാട്ടി.

പലായനം ചെയ്ത റോഹിങ്ക്യകളുടെ സുരക്ഷിതവും സ്വമേധയാ ഉള്ളതും മാന്യവുമായ തിരിച്ചുവരവ് സാധ്യമാക്കണമെന്നും വംശഹത്യയില്‍ പങ്കുള്ളവരെ അന്വേഷിച്ച്‌ ശിക്ഷിക്കണമെന്നും കോടതി മ്യാന്‍മറിനോട് നിര്‍ദേശിച്ചു. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും മറ്റ് പരിഹാരനടപടികള്‍ സ്വീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്. നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങള്‍ പിന്നീട് തീരുമാനിക്കും. വിധി അന്തിമവും നിയമപരമായി ബാധകവുമാണെങ്കിലും അത് നേരിട്ട് നടപ്പാക്കാനുള്ള സംവിധാനമില്ലാത്തത് വെല്ലുവിളിയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi