സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ന് വിധിയെഴുതുമ്പോള്‍ പത്തുവർഷത്തെ ഭരണനേട്ടങ്ങള്‍ ഉയർത്തിക്കാട്ടി തുടർഭരണം ഉണ്ടാകുമെന്ന വലിയ പ്രതീക്ഷയിലാണ് ഇടതുമുന്നണി.
എന്നാല്‍, സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്നും ഭരണമാറ്റം ഉണ്ടാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് യു ഡി എഫ് .വീണ്ടും അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ മുന്നണി.
രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തില്‍ 53984 സർവീസ് വോട്ടർമാർ ഉള്‍പ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. വോട്ടെടുപ്പിനായി 30495 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
ഇതില്‍ പ്രശ്നബാധിത ബൂത്തുകള്‍ 2040 ആണ്. വോട്ടെടുപ്പിനായി 1.46 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പോളിങ് കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 76000ത്തിലധികം പോലീസുകാർ സുരക്ഷാ ക്രമീകരണങ്ങള്‍ നിയന്ത്രിക്കും. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളെ 154 ഇലക്ഷൻ സബ്‌ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ നേത്യത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏർപ്പെടുത്തുന്നത്.

