ശ്യാം കൊപ്പറമ്പില്‍
കൊച്ചി : മലപ്പുറം ജില്ലയില്‍ ചർമ്മം വെളുപ്പിക്കുന്ന ക്രീമുകളുടെ ഉപയോഗത്തെത്തുടർന്ന് പെണ്‍കുട്ടികള്‍ക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തോടെ, സൗന്ദര്യവർധക വസ്തുക്കളുടെ സുരക്ഷിതത്വവും ഗുണനിലവാര പരിശോധനയും കർശനമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കേരള ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന് കീഴില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേക കോസ്മെറ്റിക് ടെസ്റ്റിംഗ് ലബോറട്ടറി സ്ഥാപിക്കണമെന്നാണ് പ്രധാന ആവശ്യം.മെർക്കുറി ഉള്‍പ്പെടെയുള്ള ഹാനികരമായ രാസഘടകങ്ങള്‍ അടങ്ങിയ സൗന്ദര്യവർധക വസ്തുക്കള്‍ വൃക്കകള്‍ ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങളെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്. കുട്ടികളിലും കൗമാരക്കാരിലും ലിപ്സ്റ്റിക്ക്, ഫെയ്സ് ക്രീം, സ്കിൻ വൈറ്റനിംഗ് ക്രീം എന്നിവയുടെ ഉപയോഗം വ്യാപകമായി വർധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവയുടെ ഗുണനിലവാര പരിശോധന അനിവാര്യമായിരിക്കുകയാണ്.
വേണ്ടത് ആധുനിക പരിശോധനാ സംവിധാനങ്ങള്‍
സൗന്ദര്യവർധക വസ്തുക്കളിലെ മെർക്കുറി, ലെഡ്, ആർസെനിക് തുടങ്ങിയ മാരക വിഷലോഹങ്ങള്‍ കൃത്യമായി കണ്ടെത്താൻ ഐ.സി.പി - എം.എസ്, ഐ.സി.പി - ഓ.ഇ.എസ് , എ.എ.എസ് , മെർക്കുറി അനലൈസർ തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ലാബില്‍ സജ്ജമാക്കണം. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ വിപണനം തടയുന്നതിനുമായി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ പരിശോധനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
കോഴിക്കോട് കോസ്മെറ്റിക് ടെസ്റ്റിംഗ് ലബോറട്ടറി സ്ഥാപിക്കണമെന്ന് ഫാർമഫെഡ്
വടക്കൻ കേരളത്തിലെ മരുന്നുകളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും ഗുണനിലവാര പരിശോധനയ്ക്കായി കോഴിക്കോട് കേന്ദ്രീകരിച്ച് ആധുനിക ലബോറട്ടറി സ്ഥാപിക്കണമെന്ന് ഫാർമഫെഡ് ആവശ്യപ്പെട്ടു.നിലവില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലാബുകള്‍ തൃശ്ശൂർ മുതല്‍ തെക്കൻ ജില്ലകളില്‍ മാത്രമാണുള്ളത്. മലബാറിലെ ഈ കുറവ് പരിഹരിക്കാൻ മുൻപും നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. വ്യാജ ഉല്‍പ്പന്നങ്ങള്‍ തടയാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും സർക്കാർ അടിയന്തരമായി കോഴിക്കോട്ട് ലാബ് അനുവദിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

