മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെ സ്‌റ്റൈലന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ എന്നും സോഷ്യല്‍ മീഡിയ ആഘോഷിച്ചിട്ടുണ്ട്, പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും അത്തരം ചിത്രങ്ങളെത്തുക.
അതുപോലൊന്ന് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാവ് ആന്റോ ജോസഫ്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ആന്റോ ജോസഫ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
വാട്ട് നെക്സ്റ്റ് എന്നാണ് മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ചിത്രത്തിനൊപ്പം ആന്റോ ജോസഫ് കുറിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് മമ്മൂട്ടിയുടെ 75-ാം പിറന്നാള്‍. അതിന് തൊട്ടുമുന്‍പേയാണ് ഈ ചിത്രം പുറത്തുവന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്. സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഫോട്ടോയ്ക്ക് പ്രതികരണങ്ങളുമായെത്തിയിരിക്കുന്നത്.
രണ്ട് ചിത്രങ്ങളുടെ അപ്‌ഡേറ്റുകളാണ് ഈ ജന്മദിനത്തില്‍ മമ്മൂട്ടിയുടേതായി ആരാധകര്‍ കാത്തിരിക്കുന്നത്. രാജ് കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ഓം എന്ന തമിഴ്ചിത്രം, നിതീഷ് സഹദേവ് ഒരുക്കുന്ന ആക്ഷന്‍ ചിത്രം എന്നിവയാണവ. ഇതില്‍ നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്‌ലുക്കും തിങ്കളാഴ്ച പുലര്‍ച്ചെ 12.01-ന് പുറത്തിറങ്ങും. നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.
തിങ്കളാഴ്ച തന്നെയാണ് ധനുഷ് നായകനാകുന്ന ഓം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരിക. സിയ എന്‍ട്രി എന്നാണ് ഈ വിവരം പോസ്റ്റ് ചെയ്തുകൊണ്ട് മമ്മൂട്ടി കുറിച്ചത്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിക്കുന്ന ഒന്‍പതാം ചിത്രമാണിത്. മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലിയ ചിത്രം കൂടിയാണിത് എന്നാണ് സൂചന. ഇതിനെ സാധൂകരിക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന പിന്നണിദൃശ്യം. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കോ, കഥാപാത്രത്തിന്റെ പേരോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
സംവിധായകന്‍ നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ജൂലൈ അവസാനം തമിഴ്‌നാട്ടിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഗംഭീര ലുക്കിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍, കോമഡി, മാസ് എന്നിവ കോര്‍ത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മെഗാകാന്‍വാസ് ചിത്രമായാണ് ഒരുങ്ങുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തിറങ്ങിയിരുന്നു. 2026 ഒക്ടോബര്‍ 16 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ്, ആര്‍ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തില്‍ ശ്രീലീലയും പ്രധാന വേഷത്തിലുണ്ട്.
ഓം -ചാപ്റ്റര്‍ വണ്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍ 'ഉധിരം: ദ ബ്ലഡ് വുഡ്' എന്നാണ്. പക്കാ മാസ്സ് ആക്ഷന്‍ ഡ്രാമ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടൈറ്റില്‍ ടീസര്‍ നല്‍കുന്നത്. കാര്‍ത്തികേയ എന്ന് പേരുള്ള കഥാപാത്രത്തിനാണ് മമ്മൂട്ടി ജീവന്‍ നല്‍കുന്നത് എന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. 8 വര്‍ഷത്തിന് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് ഓം. 2018 ല്‍ റാം ഒരുക്കിയ 'പേരന്‍പ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴില്‍ എത്തിയത്. മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്- സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

