ന്യൂഡല്‍ഹി: മധുരയിലെ തിരുപ്പരന്‍കുണ്‍ട്രം കുന്നിന് മുകളിലെ ദര്‍ഗയ്ക്ക് സമീപമുള്ള കല്‍ത്തൂണില്‍ കാര്‍ത്തിക ദീപം തെളിക്കാന്‍ സുപ്രീം കോടതി അനുമതി.
ഈ മാസം 24ന് ഒറ്റത്തവണ ദീപം തെളിക്കാന്‍ ആണ് അനുമതി. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. മദ്രാസ് ഹൈക്കോടതി വിധി ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഭാ?ഗികമായി സ്റ്റേ ചെയ്തു. സുപ്രീം കോടതി ഉത്തരവ് ബിജെപിയും ഹൈന്ദവസംഘടനകളും സ്വാഗതം ചെയ്തു.
ഇത്തവണത്തേക്ക് മാത്രമാണ് ദീപം തെളിയിക്കാന്‍ അനുമതിയെന്നും, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ദീപം തെളിയിക്കുന്നതിനുള്ള അവകാശമായി ഈ വിധിയെ കണക്കാക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതി അംഗീകരിച്ച വാദഗതികള്‍ക്കുള്ള അംഗീകാരമായോ തര്‍ക്കസ്ഥലത്തിന്റെ പേരിലുള്ള അവകാശവാദങ്ങളുടെ അന്തിമ തീര്‍പ്പായോ വിധിയെ വ്യാഖ്യാനിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു.
തര്‍ക്കവിഷയത്തെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് ഉചിതമല്ല. ആചാരങ്ങള്‍, തര്‍ക്കസ്ഥലത്തിന്റെ അവകാശം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ദീപം തെളിക്കാന്‍ മദ്രാസ് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിലെ ഒന്നു മുതല്‍ 140 വരെയുള്ള ഖണ്ഡികകളാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സുപ്രീംകോടതി സ്റ്റേ ചെയ്തത്.
നവംബര്‍ 24 ന് നടക്കുന്ന ദീപം തെളിക്കല്‍ ചടങ്ങിന് കര്‍ശന സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതി പ്രാദേശിക ഭരണകൂടത്തിനും കേന്ദ്ര സര്‍ക്കാരിനും നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ സിഐഎസ്‌എഫിനെയും വിന്യസിക്കാം. പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ചടങ്ങിനും സുരക്ഷയ്ക്കും ആവശ്യമായവരെ മാത്രമേ പ്രവേശിപ്പിക്കാവൂ. സമീപത്തെ ദര്‍ഗയിലേക്കും മറ്റ് മതസ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനത്തിന് തടസ്സം ഉണ്ടാകരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
തിരുപ്പരന്‍കുണ്‍ട്രം മലയില്‍ പതിറ്റാണ്ടുകളായി കാര്‍ത്തിക ദീപം തെളിച്ചിരുന്ന ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിലെ ദീപമണ്ഡപത്തിനൊപ്പം, ഹൈന്ദവസംഘടനകളുടെ ആവശ്യപ്രകാരം സിക്കന്ദര്‍ ദര്‍ഗയോട് ചേര്‍ന്നുള്ള കല്‍ത്തൂണിലും ദീപം തെളിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തില്ലെങ്കില്‍ രാജ്യത്തെ ആയിരക്കണക്കിന് സര്‍വ്വേ കല്ലുകള്‍ക്ക് മതപരമായ പരിവേഷം ഉണ്ടെന്ന വാദം ഉയരുമെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു.

