കൊച്ചി : ഭാരതമാതാ കോളേജിലെ വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ മോർഫ് ചെയ്ത് ടെലിഗ്രാം വഴി പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.
മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജിലെ ബി.കോം വിദ്യാർത്ഥിയായ സനീഷ് (20) ആണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്.ടെലഗ്രാംഗ്രൂപ്പ് കേന്ദ്രീകരിച്ച് നടത്തിയഅന്വേഷണത്തിലാണ്പ്രതിപിടിയിലാവുന്നത്.
പ്രതിയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മോർഫ് ചെയ്ത ദൃശ്യങ്ങള്‍ മറ്റൊരു ടെലിഗ്രാം ഗ്രൂപ്പ് വഴി സനീഷ് വില്പന നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി.
കേസില്‍ നിലവില്‍ റിമാൻഡിലുള്ള ഒന്നാം പ്രതി ശ്രീഹരിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. ശ്രീഹരിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ഇതിന്റെ ഭാഗമായി പ്രതികളെ ഇരുവരെയുംഒപ്പമിരുത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്.
ഈ റാക്കറ്റിനായി രണ്ട് ടെലിഗ്രാം ഗ്രൂപ്പുകളാണ് പ്രവർത്തിച്ചിരുന്നത്. ശ്രീഹരി ഉള്‍പ്പെടെയുള്ള അഞ്ച് പൂർവ്വ വിദ്യാർത്ഥികളുടെ ചെറിയ ഗ്രൂപ്പും, ആയിരത്തിലധികം അംഗങ്ങളുള്ള വലിയ മറ്റൊരു ഗ്രൂപ്പുമാണിത്. ഇതില്‍ അഞ്ചംഗ സംഘമാണ് ചിത്രങ്ങള്‍ മോർഫ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും പ്രധാനമായും നേതൃത്വം നല്‍കിയത്. ഭാരതമാതാ കോളേജിലെ അധ്യാപികമാരുടെയും വിദ്യാർത്ഥിനികളുടെതുമാണ് പ്രചരിച്ച ചിത്രങ്ങളില്‍ ഭൂരിഭാഗവും എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.

