Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വനിതാ ഹോക്കി ലോകകപ്പ്; കിരീടം തിരിച്ചുപിടിച്ച്‌ അര്‍ജന്റീന

വനിതാ ഹോക്കി ലോകകപ്പ്; കിരീടം തിരിച്ചുപിടിച്ച്‌ അര്‍ജന്റീന

ആംസ്റ്റല്‍വീന്‍: ഡച്ച്‌പടയുടെ തുടര്‍ച്ചയായ കുതിപ്പിന് വിരാമമിട്ട് അര്‍ജന്റീന വനിതാ ലോകഹോക്കി കിരീടം തിരിച്ചുപിടിച്ചു.

കഴിഞ്ഞ ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി അവര്‍ക്ക് ഈ ജയം. 2021 ഒളിമ്പിക്സ് ഫൈനല്‍, 2024 ഒളിമ്പിക്സ് സെമി എന്നിവയിലും നെതര്‍ലന്‍ഡ്സിനോടാണ് അര്‍ജന്റീന തോറ്റത്.

ഫൈനലിലെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്റീന നെതര്‍ലന്‍ഡ്സിനെ മറികടന്ന് ലോകകിരീടം സ്വന്തമാക്കിയത്. സ്‌കോര്‍:3-1. നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച്‌ സമനില പാലിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. മുപ്പതാം മിനിറ്റില്‍ യിബ്ബി യാന്‍സെന്റെ ഗോളില്‍ നെതര്‍ലന്‍ഡ്സാണ് ആദ്യം ലീഡ് നേടിയത്. ഒന്നാന്തരമൊരു പെനാല്‍റ്റി കോര്‍ണറാണ് യാന്‍സെന്‍ വലയിലാക്കിയത്. യാന്‍സെന്റെ ഈ ലോകകപ്പിലെ എട്ടാം ഗോളായിരുന്നു ഇത്.

അമ്പത്തിനാലാം മിനിറ്റില്‍ ക്യാപ്റ്റന്‍ മരിയോ ഗ്രാനറ്റോ അര്‍ജന്റീനയെ ഒപ്പമെത്തിച്ചു. എട്ട് പെനാല്‍റ്റി കോര്‍ണറുകള്‍ പാഴാക്കിയശേഷമായിരുന്നു അര്‍ജന്റീന ലക്ഷ്യം കണ്ടത്. അഗസ്റ്റിന ഗ്രോസ്ലെനിയുടെ ഫ്ളിക്ക് ആദ്യം തടഞ്ഞെങ്കിലും പിന്നീട് ഗ്രാനറ്റോ ആ റീബൗണ്ട് പിടിച്ചെടുത്ത് ഗോളാക്കുകയായിരുന്നു.

ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്കുവേണ്ടി ഗ്രാനറ്റോ, ബ്രഗ്ഗസ്സെര്‍, കയ്റോ എന്നിവര്‍ ലക്ഷ്യംകണ്ടപ്പോള്‍ ഡിയസിന്റെ ഷോട്ട് പാഴായി. നെതര്‍ലന്‍ഡ്സിന്റെ മൂന്ന് ഷോട്ടുകള്‍ പാഴായപ്പോള്‍ വീനിനു മാത്രമാണ് ലക്ഷ്യം കാണാനായത്.

നിരവധി അവസരങ്ങള്‍ തുലച്ചെങ്കിലും മികച്ച രീതിയില്‍ ഡച്ച്‌ ആക്രമണത്തെ ചെറുത്താണ് ഇക്കുറി ഫൈനലില്‍ അര്‍ജന്റീന മത്സരം ഷൂട്ടൗട്ട് വരെ കൊണ്ടെത്തിച്ചത്. രണ്ടാം പകുതിയില്‍ കൂടുതല്‍ തവണ എതിര്‍ സര്‍ക്കിളില്‍ എത്തിയതും പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചതുമെല്ലാം അര്‍ജന്റീനയ്ക്കായിരുന്നു. എന്നാല്‍ അതൊന്നും ഫലപ്രാപ്തിയിലെത്തിക്കാന്‍ അവര്‍ക്കായില്ല.

മുന്‍ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെ തോല്‍പിച്ച്‌് ബെല്‍ജിയം വെങ്കല മെഡല്‍ സ്വന്തമാക്കി. സ്‌കോര്‍: 1-0. അര്‍ജന്റീനയുടെ മൂന്നാം ലോകകിരീടമാണിത്. 2002, 2010 വര്‍ഷങ്ങളിലാണ് അവര്‍ ഇതിനു മുന്‍പ് ലോകചാമ്പ്യനായത്. ഈ മൂന്ന് തവണയും നെതര്‍ലന്‍ഡ്സിനെതാണ് ഫൈനലില്‍ അവര്‍ മറികടന്നത്. 2010നുശേഷം കിരീടവഴിയില്‍ തിരിച്ചെത്തിയ നെതര്‍ലന്‍ഡ്സ് ഹാട്രിക് നേടി. തുടര്‍ച്ചയായ നാലാം കിരീടം എന്ന അപൂര്‍വ റെക്കോഡാണ് ഇക്കുറി അര്‍ജന്റീനയുടെ കണക്കുതീര്‍ക്കലിന് മുന്നില്‍ തകര്‍ന്നടിഞ്ഞത്. 2004ലും അവര്‍ ഈ നേട്ടത്തിന് അരികെത്തിയെത്തിയിരുന്നെങ്കിലും അന്ന് ഓസ്ട്രേലിയയാണ് ആ സ്വപ്നം തകര്‍ത്തത്.

2016 ലോകകപ്പ് ഫൈനലിനുശേഷം ഒരു കലാശപ്പോരില്‍ നെതര്‍ലന്‍ഡ്സ് നേരിടുന്ന ആദ്യ തോല്‍വി കൂടിയാണിത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi