വാഷിങ്ടണ്‍: വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിയിരിക്കെ യു.എസ് ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റാന്‍ഡി ജോര്‍ജിനെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പുറത്താക്കി.
വ്യാഴാഴ്ചയായിരുന്നു നാടകീയമായ ഈ നീക്കം. യുദ്ധസാഹചര്യങ്ങള്‍ നിലനില്‍ക്കെ ഒരു ജനറലിനെ പുറത്താക്കുന്നത് അമേരിക്കന്‍ സൈനിക ചരിത്രത്തില്‍ അസാധാരണമായ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
41-ാമത് ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ആയ റാന്‍ഡി ജോര്‍ജ് ഉടനടി സ്ഥാനമൊഴിയുമെന്നും അദ്ദേഹം വിരമിക്കുകയാണെന്നും പെന്റഗണ്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജോര്‍ജിന്റെ പതിറ്റാണ്ടുകള്‍ നീണ്ട സേവനത്തിന് നന്ദി അറിയിക്കുന്നതായി പ്രസ്താവനയില്‍ വ്യക്തമാക്കിയെങ്കിലും പുറത്താക്കലിന്റെ കൃത്യമായ കാരണം വെളിപ്പെടുത്താന്‍ പ്രതിരോധ വകുപ്പ് തയ്യാറായിട്ടില്ല.
നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തിലധികം ബാക്കി നില്‍ക്കെയാണ് റാന്‍ഡി ജോര്‍ജിനോട് ഉടന്‍ വിരമിക്കാന്‍ ഹെഗ്‌സെത്ത് ആവശ്യപ്പെട്ടത്. റാന്‍ഡി ജോര്‍ജിന് പുറമെ ആര്‍മി ട്രാന്‍സ്‌ഫോര്‍മേഷന്‍ ആന്‍ഡ് ട്രെയിനിങ് കമാന്‍ഡ് മേധാവി ജനറല്‍ ഡേവിഡ് ഹോഡ്നെ ആര്‍മി ചാപ്ലയിന്‍ കോര്‍പ്‌സ് മേധാവി മേജര്‍ ജനറല്‍ വില്യം ഗ്രീന്‍ എന്നിവരെയും സ്ഥാനത്തുനിന്ന് നീക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇറാനെതിരായ സൈനിക നീക്കങ്ങളുടെ ഭാഗമായി മിഡില്‍ ഈസ്റ്റില്‍ അമേരിക്കന്‍ സേന സജ്ജമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. നിലവില്‍ വ്യോമസേനയും നാവികസേനയുമാണ് പ്രധാനമായും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെങ്കിലും എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ക്കായി കരസേനയെയും വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ കരയുദ്ധത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് എലൈറ്റ് 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ ആയിരക്കണക്കിന് സൈനികരും മേഖലയിലെത്തിയിട്ടുണ്ട്.
മുന്‍ ഫോക്‌സ് ന്യൂസ് അവതാരകന്‍ കൂടിയായ പീറ്റ് ഹെഗ്‌സെത്ത് ചുമതലയേറ്റ ശേഷം പെന്റഗണില്‍ വലിയ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ട്രംപിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ സൈനിക പരേഡും, ഗായകന്‍ കിഡ് റോക്കിന്റെ വീടിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തിയ പൈലറ്റുമാര്‍ക്കെതിരെയുള്ള അന്വേഷണം റദ്ദാക്കിയതും നേരത്തെ വിവാദമായിരുന്നു.
റാന്‍ഡി ജോര്‍ജിന്റെ പുറത്താക്കല്‍ ആര്‍മി നേതൃത്വത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ഠിച്ചിട്ടുള്ള ഇന്‍ഫന്‍ട്രി ഓഫീസറായ ജോര്‍ജ് 2023-ലാണ് ആര്‍മി ചീഫ് ആയി ചുമതലയേറ്റത്. കഴിഞ്ഞ വര്‍ഷം ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ സി.ക്യു. ബ്രൗണിനെ പുറത്താക്കിയതിന് പിന്നാലെ പ്രതിരോധ വകുപ്പിന്റെ ഉന്നത ശ്രേണിയില്‍ നടക്കുന്ന ഏറ്റവും വലിയ അഴിച്ചുപണിയാണിത്. പുതിയ ആര്‍മി ചീഫിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

