തിരുവനന്തപുരം: യുഎസില്‍ സുഹൃത്തുക്കളായ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
യുവതികളുടെ ബന്ധുക്കള്‍ക്കും സംഭവത്തെ കുറിച്ചുള്ള വ്യക്തമായ ചിത്രമില്ല.
തൃശൂര്‍ സ്വദേശിനി അഞ്ജന ഹരി, തിരുവനന്തപുരം സ്വദേശി ആന്‍ മേരി മാത്യു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് കോട്ടയം സ്വദേശിനി അനില ബേബിയെയാണ് പൊലീസ് പിടികൂടിയത്. അനിലയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
സുഹൃത്തുക്കള്‍ മൂന്നു പേരും ഒരു അപാര്‍ട്ട്‌മെന്റിലായിരുന്നു താമസിച്ചിരുന്നത്. അപാര്‍ട്ട്‌മെന്റിലെ പാര്‍ക്കിംഗ് ഏരിയയിലേക്ക് അഞ്ജനയെ വിളിച്ചുവരുത്തിയ അനില കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ദൃക്‌സാക്ഷികളുണ്ട്. ഇതിനു തൊട്ടുമുമ്പാണ് ഫ്‌ളാറ്റിനുളളില്‍ ആന്‍ മേരി മാത്യു കുത്തേറ്റു മരിച്ചത്.
കൊല്ലപ്പെട്ടവരില്‍ ഒരാളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.

