കാസര്‍കോട്: പൊയിനാച്ചിയില്‍ ഉദുമ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയെ സ്വന്തം ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പറമ്പ കോലാംകുന്ന് സ്വദേശി ഹരികൃഷ്ണന്‍ (32) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് പൊയിനാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സ്വന്തം ഓഫീസിനകത്ത് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സി ഓഫീസ് നടത്തിവരികയായിരുന്നു ഹരികൃഷ്ണന്‍.
തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ഹരികൃഷ്ണനെ കാണാതായിരുന്നു. രാത്രി വൈകിയും ചൊവ്വാഴ്ച രാവിലെയുമായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പലയിടത്തും തെരച്ചില്‍ നടത്തി. തുടര്‍ന്ന് ഉച്ചയോടെ ഹരികൃഷ്ണന്റെ അമ്മാവന്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി യുവാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കി. ബന്ധുക്കളുടെ മൊഴിയെടുത്ത് കാണാതായതിനുള്ള കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ് പൊയിനാച്ചിയിലെ സ്ഥാപനത്തിനകത്ത് ഹരികൃഷ്ണനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്.
മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ലെന്നും, സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
പറമ്പ കോലാംകുന്നിലെ വി. ജനാര്‍ദ്ദനന്‍ നായരുടെയും രമയുടെയും മകനാണ് മരിച്ച ഹരികൃഷ്ണന്‍. സഹോദരന്‍: രവികുമാര്‍

