റിയാദ്: ആണവോർജ്ജ ഉപയോഗങ്ങള്‍ക്കുള്ള കരാറില്‍ ഒപ്പുവെച്ച് സൗദി അറേബ്യയും അമേരിക്കയും. കഴിഞ്ഞ നവംബറില്‍ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സല്‍മാൻ നടത്തിയ യുഎസ് സന്ദർശന വേളയില്‍ ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകള്‍ പൂർത്തിയായിരുന്നു.
ഇതിന്‍റെ തുടർച്ചയായാണ് ഇപ്പോള്‍ ചരിത്രപ്രധാനമായ കരാർ നിലവില്‍ വന്നിരിക്കുന്നത്.
സൗദി ഊർജ്ജ, വ്യവസായ-ഖനന ധാതു മന്ത്രി അമീർ അബ്ദുല്‍ അസീസ് ബിൻ സല്‍മാനും യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും തമ്മിലാണ് കരാർ കൈമാറിയത്. സാങ്കേതികവിദ്യ, അനുഭവസമ്പത്ത്, അറിവ് എന്നിവ പരസ്പരം കൈമാറുന്നതിലൂടെ ഊർജ്ജ, വികസിത സാങ്കേതികവിദ്യാരംഗങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കും മുന്നേറ്റമുണ്ടാക്കാൻ ഈ നീക്കം സഹായിക്കും. ആണവ സുരക്ഷ, അണുപ്രസരണ വ്യാപനം തടയല്‍ എന്നിവയുമായി ബന്ധപ്പെട്ട ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ഈ സഹകരണം നടപ്പാക്കുന്നത്.
സൗദിയുമായി സിവിലിയൻ ആണവ സഹകരണ കരാറിലെത്തിയ വിവരം അമേരിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്. ആണവ സഹകരണ കരാറിന് പുറമെ, ആണവ സുരക്ഷാ ഉറപ്പുകള്‍ സംബന്ധിച്ച മറ്റൊരു പ്രത്യേക കരാറിലും യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് ഒപ്പുവെച്ചു. പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്നതും ശതകോടി ഡോളർ മൂല്യമുള്ളതുമായ ഈ പങ്കാളിത്തം ആണവ വ്യാപനം തടയല്‍ ഉള്‍പ്പെടെയുള്ള സാമ്പത്തികവും തന്ത്രപരവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കാൻ സഹായിക്കുമെന്ന് യുഎസ് ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി.

