Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അച്ഛനധികാരമോ അമ്മയധികാരമോ മോഹൻലാലിലും സുചിത്രയിലും കണ്ടില്ല, വിസ്മയയെക്കുറിച്ച്‌ ശാരദക്കുട്ടിയുടെ കുറിപ്പ്

അച്ഛനധികാരമോ അമ്മയധികാരമോ മോഹൻലാലിലും സുചിത്രയിലും കണ്ടില്ല, വിസ്മയയെക്കുറിച്ച്‌ ശാരദക്കുട്ടിയുടെ കുറിപ്പ്

Karma News 2 weeks ago

തിരുവനന്തപുരം: സിനിമാലോകത്തേക്ക് കാലെടുത്തു വെക്കുന്ന സൂപ്പർതാരം മോഹൻലാലിന്റെ മകള്‍ വിസ്മയ മോഹൻലാലിനെക്കുറിച്ച്‌ എഴുത്തുകാരി ഡോ.

എം. ശാരദക്കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. 'തുടക്കം' സിനിമയുടെ പ്രൊമോഷൻ ചടങ്ങുകളില്‍ വിസ്മയ പ്രകടിപ്പിച്ച ലാളിത്യവും ലജ്ജാലുത്വവുമെല്ലാം വലിയ രീതിയില്‍ ചർച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ശാരദക്കുട്ടിയുടെ കുറിപ്പ്.

പൊതുവേദികളിലെ മോഹൻലാലിന്റെ സഭാകമ്പവും ലജ്ജാലുത്വവും മലയാളികള്‍ നന്നായി ആസ്വദിച്ചിട്ടുള്ളതാണെന്നും, ആ ലജ്ജാലുത്വം കുറച്ചുകൂടി കൂടിയ അളവില്‍ പരിഭ്രമമായി മകളിലും കാണാനാകുമെന്നും ശാരദക്കുട്ടി കുറിക്കുന്നു. മകളുടെ അഭിപ്രായങ്ങളെ ഒരിടത്തും തിരുത്താൻ ശ്രമിക്കുകയോ പൊതുവേദിയിലെ അവളുടെ സംഭ്രമിച്ച ശരീരഭാഷയില്‍ അസ്വസ്ഥനാകുകയോ ചെയ്യാത്ത മോഹൻലാല്‍ ഒരച്ഛനെന്ന നിലയില്‍ കൂടുതല്‍ പ്രിയങ്കരനാകുന്നുവെന്നും അവർ വ്യക്തമാക്കുന്നു. അച്ഛനധികാരമോ അമ്മയധികാരമോ മോഹൻലാലിലും സുചിത്രയിലും ലവലേശം കാണാനില്ല എന്നത് അതീവ സുന്ദരമായ കാഴ്ചയാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

താരപുത്രിയായതുകൊണ്ടുമാത്രമാണോ ഈ വാത്സല്യം എന്ന ചോദ്യത്തിന്, ഇഷ്ടമുള്ളവരുടെ മക്കളെയും പ്രിയപ്പെട്ടവരെയും ഇഷ്ടപ്പെടുകയെന്ന ലളിതമായ യുക്തിയാണ് ഉള്ളതെന്ന മറുപടിയും ശാരദക്കുട്ടി നല്‍കുന്നു. വിസ്മയ കൂട്ടിലിട്ടു വളർത്തപ്പെട്ട പെണ്‍കുട്ടിയല്ലെന്നും, ആർജ്ജവവും വ്യക്തമായ അഭിപ്രായങ്ങളുമുള്ള വ്യക്തിയാണെന്നും അവർ ഓർമ്മിപ്പിക്കുന്നു. ലോകപരിചയവും വിശാലമായ കാഴ്ചപ്പാടുകളുമുള്ള ആ പെണ്‍കുട്ടിയുടെ ക്യാമറകള്‍ക്ക് മുന്നിലെ ഈ സങ്കോചം അവള്‍ക്കൊരു കവചമാകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News