തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തര നിർദ്ദേശം നല്‍കി മുഖ്യമന്ത്രി വി ഡി സതീശൻ.
ഏത് സാഹചര്യവും നേരിടാൻ തയാറാകണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും ചർച്ച നടത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് അടിയന്തര നിർദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രത്യേകിച്ചും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരായിരിക്കാൻ മുഖ്യമന്ത്രി കളക്ടർമാരോട് നിർദ്ദേശിച്ചു. അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ നേരിട്ടെത്തി ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അദ്ദേഹം നിർദ്ദേശിച്ചു. തിരുവനന്തപുരത്ത് സി പി ജോണും പത്തനംതിട്ടയില്‍ പി സി വിഷ്ണുനാഥും കോട്ടയത്ത് മോൻസ് ജോസഫും ഇടുക്കിയില്‍ അനൂപ് ജേക്കബും ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റവന്യൂ മന്ത്രി സംസ്ഥാനതല ഏകോപനം നിർവഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

