ഭോപ്പാല്‍: ഡല്‍ഹി-കേരളം മംഗള എക്സ്പ്രസ്സില്‍ ഭക്ഷ്യവിഷബാധ. തൃശൂരില്‍ നിന്നുള്ള സ്കൂള്‍ വിനോദയാത്രാസംഘത്തിലെ നാല്‍പതോളം കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ തോന്നിയതിനെ തുടർന്ന് മധ്യപ്രദേശിലെ ഖാണ്ഡ്‌വ സ്‌റ്റേഷനില്‍ ട്രെയിൻ നിർത്തിയിട്ടു. ഡോക്ടർമാർ എത്തി പരിശോധിച്ചതിന് ശേഷമാണ് യാത്ര തുടർന്നത്.
സ്‌കൂളില്‍ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന മലയാളി വിദ്യാർഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ട്രെയിനിലെ പാൻട്രിയില്‍ നിന്നുള്ള ഭക്ഷണമാണ് വിദ്യാർഥികള്‍ കഴിച്ചിരുന്നത്. നിസാമുദ്ദീനില്‍ നിന്ന് പുറപ്പെടുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിൻ (12618) ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് എറണാകുളത്ത് എത്തുക. എസ്2, എസ്3 കോച്ചുകളിലാണ് ഇവർ യാത്ര ചെയ്യുന്നത്. 80 വിദ്യാർഥികളും പത്ത് അധ്യാപകരുമാണ് ഇവർക്കൊപ്പമുണ്ടായിരുന്നത്.
ഇറ്റാർസി സ്റ്റേഷൻ പിന്നിട്ട ശേഷമാണ് പല കുട്ടികള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടാൻ തുടങ്ങിയത്. ഇതോടെ ഒപ്പമുണ്ടായിരുന്ന അധ്യാപകരും സ്‌കൂള്‍ അധികൃതരും ഉടൻ തന്നെ റെയില്‍വേ ജീവനക്കാരെയും റെയില്‍വേ ഹെല്‍പ് ലൈനിലും വിവരം അറിയിച്ചു. യാത്രയിലുടനീളം ട്രെയിനിലെ പാൻട്രി കാറില്‍ നിന്നുള്ള ഭക്ഷണമാണ് വിദ്യാർത്ഥികള്‍ കഴിച്ചിരുന്നത്. ഇറ്റാർസി സ്റ്റേഷന് സമീപത്തു വെച്ച് കഴിച്ച ഭക്ഷണത്തിന് പിന്നാലെ കുട്ടികള്‍ക്ക് ഛർദ്ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ മധ്യപ്രദേശിലെ ഖാണ്ഡ്‌വ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ അധികൃതർ മുൻകൂട്ടി മെഡിക്കല്‍ ടീമിനെ സജ്ജമാക്കി നിർത്തുകയായിരുന്നു.
വെള്ളി രാത്രി ഒൻപതരയോടെ ട്രെയിൻ ഖണ്ഡ്‌വ സ്റ്റേഷനില്‍ കുട്ടികളെ പുറത്തിറക്കി അടിയന്തര പ്രാഥമിക ചികിത്സ നല്‍കി. കുട്ടികളുടെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം 40 മിനിറ്റോളം വൈകി ട്രെയിൻ യാത്ര തുടർന്നു.

