കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. ഡി.കെ ശിവകുമാറിനൊപ്പം ഒരേ കാറില്‍ ലോക്ഭവനിലെത്തിയാണ് രാജി നല്‍കിയത്.
രാജ്യസഭയിലേക്ക് പോകാനുള്ള കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം സിദ്ധരാമയ്യ നിരസിച്ചിരുന്നു. പിന്നാലെ എംഎല്‍എ ആയി കർണാടക രാഷ്ട്രീയത്തില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി സിദ്ധരാമയ്യ.
'കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഡികെഎസിനെ (ഡി.കെ ശിവകുമാർ) അടുത്ത മുഖ്യമന്ത്രിയായി നിർദേശിച്ചു. ഞാൻ അതിന് സമ്മതിച്ചു', വ്യാഴാഴ്ച സ്വന്തം വസതിയില്‍ ഒരുക്കിയ പ്രഭാതഭക്ഷണ വിരുന്നിനിടെ സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ ഹൈക്കമാൻഡ് അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് സിദ്ധരാമയ്യ നിരസിച്ചത്. അടുത്ത മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറിനെ നിയമിക്കുന്നതില്‍ തനിക്ക് സമ്മതമാണെന്നും അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
വ്യാഴാഴ്ച ലോക്ഭവനിലെത്തിയാണ് സിദ്ധരാമയ്യ ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. ഗവർണർ താവർ ചന്ദ് ഗഹ്ലോത് നിലവില്‍ കുടുംബപരമായ ആവശ്യങ്ങള്‍ക്കായി മധ്യപ്രദേശിലായതിനാല്‍ അദ്ദേഹം മടങ്ങിയെത്തിയ ശേഷം രാജി ഔദ്യോഗികമായി സ്വീകരിക്കും.
സിദ്ധരാമയ്യ രാജിവെച്ചതോടെ വെള്ളിയാഴ്ച കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്നേക്കും. ഇതില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നിയമസഭാകക്ഷിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കും.

