ദില്ലി: ദില്ലി പ്രതിഷേധത്തിലെ പൊലീസ് നടപടിയില്‍ അമിത് ഷാ മറുപടി പറയണമെന്ന ആവശ്യം പാർലമെന്റിലും പുറത്തും ഇന്നും ശക്തമാക്കി പ്രതിപക്ഷം.
സഭ നടപടികളോട് പ്രതിപക്ഷം സഹകരിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജുജു രാഹുല്‍ ഗാന്ധിയെ കണ്ടു. രാജഭരണ കാലമല്ലെന്നും സഭയിലെത്തി മറുപടി നല്‍കാനുള്ള ഉത്തരവാദിത്തം അമിത് ഷാക്കുണ്ടെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു.
പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിനെതിരെ രാജ്യസഭ ചെയർമാൻ അച്ചടക്കത്തിൻ്റെ വാളോങ്ങി. രണ്ടാഴ്ചയായി തുടരുന്ന പതിവ് പ്രതിഷേധം ഇന്നും തുടരുകയായിരുന്നു. ലോക് സഭ ചേർന്നയുടൻ ബഹളം തുടങ്ങുകയായിരുന്നു. എന്നാല്‍ എല്ലാ ദിവസവും ഇങ്ങനെ ബഹളം തുടർന്നാല്‍ ജനങ്ങളുടെ വിഷയങ്ങള്‍ എങ്ങനെ ചർച്ച ചെയ്യാനാകുമെന്ന് സ്പീക്കർ ചോദിച്ചു. ഇതോടെ ബഹളം ഇരട്ടിയായി. സഭ നിർത്തി വച്ചു.
രാജ്യസഭയിലും സമാന സാഹചര്യമായിരുന്നു നിലനിന്നത്. ബഹളം ശക്തമാക്കിയ പ്രതിപക്ഷത്തെ ചട്ടം പറഞ്ഞ് സിപി രാധാകൃഷ്ണൻ മെരുക്കാൻ നോക്കി. അമിത് ഷാ എവിടെയന്ന ചോദ്യം ശക്തമാക്കി പ്രതിപക്ഷം. പ്ലക്കാർഡുയർത്തുകയോ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയോ ചെയ്താല്‍ കടുത്ത ശിക്ഷയെന്ന് ചെയർമാൻ താക്കീത് നല്‍കുകയായിരുന്നു. വെടിവയ്പ്പിന് അമിത് ഷാ തന്നെയാണ് ഉത്തരവാദിയെന്നും, സഭയിലെത്തി മറുപടി പറഞ്ഞേ മതിയാകൂയെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ബഹളം ഒഴിവാക്കി സഭ നടപടികളോട് സഹകരിക്കണമെന്ന് രാഹുല്‍ ഗാന്ധിയെ പ്രത്യേകം കണ്ട് പാർലമെൻററി കാര്യമന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും, അമിത് ഷായും എന്തുകൊണ്ട് സഭയിലെത്തുന്നില്ലെന്ന് രാഹുല്‍ റിജിജുവിനോട് ചോദിച്ചെന്നാണ് വിവരം.

